sc

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ ഷാജഹാനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാവില്ലെന്ന് സർക്കാരിന് നിയമോപദേശം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ്, കേരളത്തിലെ നിയമനത്തെ ബാധിക്കില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്.

കേരളത്തിലെ സർവീസ് ചട്ടമനുസരിച്ച്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ ആ സമയത്ത് സർക്കാർ സർവീസിലാണെങ്കിലും കമ്മിഷണറാവുന്നതോടെ സർവീസിൽ നിന്ന് വിരമിച്ചതായി കണക്കാക്കപ്പെടും. അതനുസരിച്ചാവുമ്പോൾ സുപ്രീംകോടതി വിധി ബാധകമാകില്ലത്രെ.

സർക്കാർ സർവീസിലിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷണറായി മുൻപ് നിയമിതരായ ഐ.എ.എസ് ഉദ്യോഗസ്ഥരടക്കമുള്ളവർ, സർക്കാർ സർവീസിനോട് സ്വയം വിടുതൽ നേടിയിരുന്നു. എന്നാൽ, കോടതിയുത്തരവ് നിലനിൽക്കെ ഇപ്പോഴും പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി തുടരുന്ന ഷാജഹാന്റെ നിയമനം കോടതിയലക്ഷ്യമാകുമെന്ന ആശങ്ക നിയമവൃത്തങ്ങൾ ഉയർത്തുന്നുണ്ട്.