biplab-kumar-deb

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേർന്നാൽ കേരളത്തിന്റെ വികസനക്കുതിപ്പിന് ഇരട്ട എൻജിനുള്ള എൻ.ഡി.എ സർക്കാരിനെ ലഭിക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് പറഞ്ഞു. തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദീർഘമായ കടലോരമുള്ള കേരളം പ്രകൃതിവിഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. കേരളത്തിന് പ്രവാസികളുടെ മികച്ച പിന്തുണയുമുണ്ട്. എന്നിട്ടും ഇവിടെ വികസന മുരടിപ്പാണ്. ഇതിനുകാരണം ഇടതു, വലതുമുന്നണികളാണ്.

കേരളത്തിൽ അധികാരം ലഭിച്ചാൽ ബി.ജെ.പിക്ക് അദ്ഭുതങ്ങൾ കാഴ്ചവയ്ക്കാനാകും. കേരളത്തിന് പുറത്ത് ഒറ്റക്കെട്ടായി മത്സരിക്കുന്ന സി.പി.എമ്മിനെയും കോൺഗ്രസിനെയും മാറ്രി എൻ.ഡി.എയെ തിരഞ്ഞെടുക്കാൻ കേരളീയർക്ക് ലഭിച്ച സുവർണാവസരമാണിത്. പൂജ്യത്തിൽ നിന്ന് സർക്കാരുണ്ടാക്കിയ ത്രിപുരയിലെ ബി.ജെ.പിയുടെ വിജയചരിത്രം കേരളത്തിന് മാതൃകയാണ്.


കേരളത്തിൽ മാത്രമാണ് രാഷ്ട്രീയക്കൊലപാതകം നടക്കുന്നത്. ബി.ജെ.പി അധികാരത്തിൽ വന്നശേഷം ത്രിപുരയിൽ ഒരു രാഷ്ട്രീയക്കൊല പോലും നടന്നിട്ടില്ല. ജനങ്ങളെ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ബി.ജെ.പിയെ ന്യൂനപക്ഷ വിരോധികളായി ചിത്രീകരിക്കുന്നത്. എതിരാളികളെ നുണപ്രചാരണങ്ങളിലൂടെ തകർക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം തന്ത്രമാണ്. വികസനവും തൊഴിലുമാണ് ബി.ജെ.പി മുന്നോട്ടുവയ്‌ക്കുന്നത്.


മണ്ഡി സമ്പ്രദായം ഏർപ്പെടുത്താതെ കർഷകസമരത്തെ പിന്തുണയ്‌ക്കുന്ന കമ്മ്യൂണിസ്റ്റുകൾ കേരളത്തിലെ കർഷകരെ വഞ്ചിക്കുകയാണ്. മുസ്ലിം വിരോധം ആരോപിച്ച് ബി.ജെ.പിയെ അകറ്റിനിറുത്താനാണ് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ശ്രമം. എന്നാൽ കേരളത്തിലെ ജിഹാദി ഭീകരസംഘങ്ങളോട് ഇരുകൂട്ടർക്കും മൃദുസമീപനമാണ്. പ്രവർത്തകർക്കും നേതാക്കൾക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് ബി.ജെ.പി. അത് വിഭാഗീയതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.