
വാമനപുരം: വാമനപുരം - കളമച്ചൽ - അതിർത്തിമുക്ക് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ അശാസ്ത്രീയവും അപകടകരവുമെന്ന് ആക്ഷേപം. 4.89 കോടി രൂപ ഉപയോഗിച്ച് 3.6 കിലോമീറ്റർ റോഡ് വീതി കൂട്ടി സംരക്ഷണഭിത്തി കെട്ടി വളവുകൾ നീക്കം ചെയ്യണമെന്നുള്ള വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.
സംരക്ഷണഭിത്തി ഉണ്ടായിരുന്ന പല സ്ഥലങ്ങളിലും അവ പൊളിച്ചുമാറ്റി പുതിയ സംരക്ഷണഭിത്തികൾ കെട്ടുകയും ഓടകൾ നികത്തി റോഡിന് വീതി കൂട്ടുകയുമാണ് ഇപ്പോൾ നടക്കുന്നത്.
സംസ്ഥാന പാതയെയും ദേശീയപാതയെയും ബന്ധിപ്പിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള റോഡുകളിൽ ഒന്നാണിത്. ഇതിനോടൊപ്പമുള്ള വെഞ്ഞാറമൂട് -ആറ്റിങ്ങൽ റോഡ്, കാരേറ്റ് -ആലംകോട് റോഡ്, കിളിമാനൂർ -ആറ്റിങ്ങൽ റോഡുകളൊക്കെ നല്ല നിലവാരത്തിൽ പണി പൂർത്തീകരിച്ചവയാണ്.
ഇത്രയും പ്രാധാന്യമുള്ള റോഡിനോട് എന്നും അവഗണന മാത്രമേയുള്ളൂ. ഇതേ രീതിയിൽ റോഡ് പണിയുകയാണെങ്കിൽ കാൽനടക്കാർക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയായിരിക്കും ഉണ്ടാകുന്നത്. ഈ റോഡ് നിർമ്മാണം കൊണ്ട് ജനങ്ങൾക്ക് ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ എന്നാണ് നാട്ടുകാർ പറയുന്നത്. ആവശ്യമായ മാറ്റങ്ങൾ വരുത്തി പുനർനിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ആവശ്യം.