തിരുവനന്തപുരം: ബി.ജെ.പി പ്രവർത്തകരെയും അനുഭാവികളെയും ആവേശം കൊള്ളിച്ച് തലസ്ഥാനത്ത് ഇന്നലെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിന്റെ പ്രസംഗം. പലയിടത്തും തിരഞ്ഞെടുപ്പ് കമ്മിറ്രി ഓഫീസ് ഉദ്ഘാടനമായിരുന്നു പ്രധാന ചടങ്ങ്. ത്രിപുരയിൽ രണ്ടര വർഷം കൊണ്ട് ബി.ജെ.പി നടപ്പാക്കിയ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു പ്രസംഗം. റോഡ് മുതൽ വിമാനത്താവളം വരെയും വിദ്യാഭ്യാസം മുതൽ വ്യവസായം വരെയും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക വഴി ത്രിപുരയിലെ ജനങ്ങൾക്ക് യഥാർത്ഥ വികസനം ലഭ്യമാക്കിയത് ബി.ജെ.പി സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
ത്രിപുരയുടെ വികസനം തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ജനങ്ങൾക്ക് ഉറപ്പുകൊടുത്തത്. 20 വർഷം തുടർച്ചയായി ഭരിച്ച മണിക് സർക്കാരിന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ ത്രിപുരയ്ക്ക് നൽകിയത് ദാരിദ്ര്യവും വികസനമുരടിപ്പും മാത്രം.
ആവശ്യത്തിന് റോഡ്, റെയിൽ, വ്യോമഗതാഗത സൗകര്യങ്ങൾ പോലും ത്രിപുരയിൽ ഇല്ലായിരുന്നു. ബി.ജെ.പി ഭരണമേറ്റെടുത്തശേഷം പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം രൂപീകരിച്ച ഹീര പദ്ധതി വഴി മികച്ച ഹൈവെകൾ, ഇന്റർനെറ്ര് ,റെയിൽ, വ്യോമഗതാഗത സൗകര്യങ്ങൾ തുടങ്ങിയവ വെറും രണ്ടുവർഷം കൊണ്ട് സാദ്ധ്യമാക്കി.
പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം പാവപ്പെട്ടവർക്ക് വീടു നൽകിയതിൽ ത്രിപുര രണ്ടാം സ്ഥാനത്താണ്. കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷനും ത്രിപുര സർക്കാരിന്റെ അടൽ ജൽധാര മിഷനും യോജിപ്പിച്ച് 25 ശതമാനം വീടുകളിൽ കുടിവെള്ളം സൗജന്യമായി നൽകുകയാണ്.
ത്രിപുരയിൽ 75 ശതമാനം സർക്കാർ സേവനങ്ങളും ഡിജിറ്റലാണെന്നും കുമാർ പറഞ്ഞു.
കോവളത്ത് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്രി ഓഫീസും മലയിൻകീഴിൽ കാട്ടാക്കട സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും, ആര്യനാട് അരുവിക്കരം മണ്ഡലം സ്ഥാനാർത്ഥി സി.ശിവൻകുട്ടിയുടെ ഓഫീസും പേരൂർക്കടയിൽ വട്ടിയൂർക്കാവ് മണ്ഡലം സ്ഥാനാർത്ഥി വി.വി.രാജേഷിന്റെ കൺവെൻഷനും ഉദ്ഘാടനം ചെയ്ത അദ്ദേഹം ഗാന്ധിപാർക്കിൽ തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്തു.