ration

തിരുവനന്തപുരം: ഗുണഭോക്താക്കളുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) ആധാരമാക്കിയുള്ള റേഷൻ വിതരണം നിലച്ചു. ഇ പോസ് മെഷീനുകളിൽ വിരൽ പതിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് കാർഡുടമകൾക്ക് ഒ.ടി.പി വഴി റേഷൻ വിതരണം ചെയ്യുന്നത്. പ്രതിദിനം 10 മുതൽ 15% പേർ ഇങ്ങനെ റേഷൻ വാങ്ങുന്നുണ്ട്.

വാണിജ്യാവശ്യം മുൻനിറുത്തിയുള്ള എസ്.എം.എസുകൾക്ക് ടെലികോം റഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കാർഡുടമകൾക്ക് എസ്.എം.എസ് ലഭിക്കാതായത്.

ഒ.ടി.പി ഇല്ലെങ്കിൽ രജിസ്റ്ററിൽ റേഷൻ കാർഡ് ഉടമയുടെ പേരും ഫോൺ നമ്പരും കാർഡ് നമ്പരും രേഖപ്പെടുത്തി സാധനങ്ങൾ നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ, പലപ്പോഴും ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കാറില്ല. കൃത്രിമം നടക്കുമെന്ന പരാതിയാണ് കാരണം.