
തിരുവനന്തപുരം: കോർപ്പറേഷന് കീഴിൽ ജലവിതരണം നടത്തുന്ന ടാങ്കർ ലോറികൾക്ക് ഇനി കൂടുതൽ ദൂരം ഓടാതെ നഗരത്തിൽ നിന്ന് വെള്ളം ശേഖരിക്കാം. ഇതിനായി പി.ടി.പി നഗറിലെ ജലശേഖരണ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും.വെള്ളയമ്പലം സ്വിമ്മിംഗ് പൂൾ, ഒബ്സർവേറ്ററി,വണ്ടിത്തടം എന്നിവിടങ്ങളിൽ ടാങ്കറുകൾക്ക് വെള്ളം ശേഖരിക്കാനുള്ള വെൻഡിംഗ് പോയിന്റുകൾ ക്രമീകരിക്കാനും തീരുമാനിച്ചു.
വാട്ടർ അതോറിട്ടിയുടെ ചൂഴാറ്റുകോട്ടയിലെ വെൻഡിംഗ് പോയിന്റിൽ നിന്നുള്ള ജലശേഖരണം നിലച്ചതോടെയാണ് ടാങ്കർലോറികൾ അരുവിക്കരയിൽ നിന്നു വെള്ളം ശേഖരിക്കാൻ തുടങ്ങിയത്.ഇതോടെ ഗുണഭോക്താക്കൾക്കും അമിതനിരക്ക് നൽകേണ്ടി വന്നു. തുടർന്ന് മേയർ ആര്യ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സുജലം സുലഭം പദ്ധതിയുടെ അവലോകന യോഗത്തിലാണ് നടപടിക്ക് നിർദ്ദശം നൽകിയത്.
അതോടൊപ്പം കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ലഭിക്കുന്ന ഡിജിറ്റൽ പാസ് ഉപയോഗിച്ച് പഞ്ചായത്തുകളുടെ ആവശ്യപ്രകാരം ജലവിതരണം നടത്തുകയാണെങ്കിൽ വാട്ടർ അതോറിട്ടിക്ക് അടയ്‌ക്കേണ്ട പണം വെൻഡിംഗ് പോയിന്റിൽ അടച്ച് വെള്ളം ശേഖരിക്കാമെന്നും നിർദ്ദേശം നൽകി.
ഇന്ധനവില വർദ്ധിച്ചതോടെ ജലവിതരണത്തിന് 30 കിലോമീറ്ററിൽ കൂടുതലുള്ള ഓരോ കിലോമീറ്ററിനും 20 മുതൽ 30രൂപ വരെ ഉപഭോക്താക്കൾക്ക് നൽകേണ്ടിയിരുന്നു. ഇതോടെ അമിത നിരക്ക് ഈടാക്കുന്നതായി പരാതി ഉയർന്നു. നിരക്ക് വാങ്ങാതിരുന്നാൽ ടാങ്കറുകൾക്ക് കനത്ത നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. ഇതോടെയാണ് നഗരത്തിനുള്ളിൽ നിന്ന് ജലം ശേഖരിക്കാൻ തീരുമാനിച്ചത്.
സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പിലൂടെയും, smarttvm.corporationotfrivandrum.in എന്ന വെബ്‌സൈറ്റ് വഴിയുമാണ് പൊതുജനങ്ങൾ ടാങ്കർ വെള്ളത്തിനായി ബുക്ക് ചെയ്യേണ്ടത്. ഇടനിലക്കാർ വഴി ടാങ്കറിലൂടെ അമിത വിലയ്ക്ക് കുടിവെള്ളം വാങ്ങി വഞ്ചിതരാകാതിരിക്കാർ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മേയർ അറിയിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡി.ആർ.അനിൽ, എസ്.സലീം, എസ്.എം.ബഷീർ, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.