തിരുവനന്തപുരം: കിളിമാനൂരിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ അജ്ഞാത ജീവി പുലിയോ, ചെന്നായയോ, മരപ്പട്ടിയോ അല്ലെന്നും നീലഗിരിക്കടുവ എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയാണെന്നുമുള്ള അവകാശവാദവുമായി കോട്ടയത്തെ വന്യജീവി ഗവേഷകൻ ഡിജോ തോമസ്. നാട്ടുകാരുടെ വിശദീകരണം,​​ കടിയേറ്റ് മരിച്ച ആടുകളുടെ ശരീരത്തിലെ മുറിവ്,​ സി.സി ടി.വി ദൃശ്യങ്ങളിലെ ജീവിയുടെ ചിത്രം എന്നിവ വിശകലനം ചെയ്‌താണ് ഈ നിഗമനമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. കാല്പാടിന്റെ വലിപ്പവും നഖങ്ങളുടെ വിന്യാസവും നീലഗിരിക്കടുവയുമായി സാമ്യമുണ്ട്. കുറച്ചുവർഷങ്ങളായി തൃശ്ശൂർ, തിരുവനന്തപുരം, മംഗലാപുരം മേഖലകളിൽ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയത് ഇൗ ജീവിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

പുലിയുമായി സാമ്യമുള്ള ജീവിയുടെ ദൃശ്യങ്ങളാണ് കിളിമാനൂർ തട്ടത്തുമലയിൽ അത്തീഖിന്റെ ഉടമസ്ഥതയിലുളള റോക്ക് ലാൻഡ് എന്ന സ്ഥാപനത്തിലെ സി.സി ടിവിയിൽ പതിഞ്ഞത്. ഇവിടെ ഒരു കോഴിയെയും കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. എന്നാൽ ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

ജീവിയുടെ കാല്പാടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. കല്ലറ താളിക്കുഴി കടലുകാണിപ്പാറയ്ക്ക് സമീപം താമസിക്കുന്ന ഓമനയുടെ രണ്ട് ആട്ടിൻകുട്ടികളെ കഴിഞ്ഞ ദിവസം കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. കിളിമാനൂർ പുല്ലയിൽ പറയ്‌ക്കോട്ട് കോളനിക്ക് സമീപമാണ് ആദ്യമായി പുലിയെ കണ്ടെന്ന് പ്രദേശവാസികൾ കിളിമാനൂർ പൊലീസിൽ അറിയിച്ചത്. ജനങ്ങളുടെ ആശങ്കയകറ്റാൻ കണിച്ചോട്, പന്തുവിളാകം, പെരുന്തറ എന്നിവിടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് മറ്റൊരു കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞത്.

നീലഗിരിക്കടുവ

കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന പുലിയുടേതിന് സമാനമായ സമാനമായ ശരീരവും നായയുടേതിന് സാദൃശ്യമുള്ള മുഖവുള്ള ജീവിയാണിത്. ചുവപ്പ് കലർന്ന തവിട്ട് നിറം. വാലുകൂടാതെ ഒന്നരമീറ്റർ വലിപ്പമേറിയ ശരീരം. നായ, ആട്, കോഴി, മുയൽ എന്നിവയെ ഭക്ഷിക്കും. ഇതുവരെ ഇവയെ ജീവനോടെ പിടിക്കാനായിട്ടില്ല. ചത്തനിലയിൽ നെയ്യാറിൽ നിന്ന് കിട്ടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ 40ൽ താഴെ എണ്ണം മാത്രമാണ് അവശേഷിക്കുന്നതെന്നാണ് നിഗമനം.