k-muraleedharan

തിരുവനന്തപുരം:മൂവർണ്ണക്കൊടി പാറിച്ച് ആവേശഭരിതരായി പ്രവർത്തകരുടെ കാത്തിരിപ്പ്.സുസ്മേരവദനനായി ജനക്കൂട്ടത്തിനിടയിലേക്ക് കെ.മുരളീധരൻ വന്നിറങ്ങിയപ്പോൾ സർവ്വ നിയന്ത്രണങ്ങളും വിട്ട ജനക്കൂട്ടം ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നേതാവിന് സ്വാഗതമോതി. നേമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത് ഇങ്ങനെ.

ഡൽഹിയിൽ നിന്ന് വൈകിട്ട് 4ന് തിരുവനന്തപുരം എയർപോർട്ടിലെത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ ഫ്ളൈറ്റ് അരമണിക്കൂറോളം വൈകി.വിമാനത്താവളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു.മൂന്ന് മണിയായപ്പോഴേക്കും നേമം മണ്ഡലത്തിന്റെ അതിർത്തിയായ ജഗതി പാലത്തിന് സമീപം വനിതകളടക്കമുള്ള യു.ഡി.എഫ് പ്രവർത്തകർ തിങ്ങിക്കൂടി.സമയം കഴിയും തോറും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആൾക്കാർ സ്വീകരണ സ്ഥലത്തേക്ക് ഒഴുകിക്കാെണ്ടിരുന്നു.ബാൻഡ് സെറ്റും ചെണ്ടമേളവുമൊക്കെയായി പ്രദേശം കൊഴുത്തു. അതോടെ കരമന -പൂജപ്പുര റോഡിൽ ഗതാഗതക്കുരുക്കും തുടങ്ങി.

സ്ഥാനാർത്ഥിയുടെ വരവ് അറിയിച്ചുകൊണ്ട് അനൗൺസ്‌മെന്റ് വാഹനം തലങ്ങും വിലങ്ങും സഞ്ചരിച്ചു. ആറേകാൽ മണിയോടെ മുരളീധരൻ എത്തി. നടന്നു നീങ്ങാൻ പോലുമാവാത്ത വിധം അനുയായികൾ സ്ഥാനാർത്ഥിയെ പൊതിഞ്ഞു. ജഗതിയിൽ നിന്ന് കരമന വരെ നടന്നുനീങ്ങാനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് തുറന്ന ജീപ്പിലായി റോഡ് ഷോ. ജീപ്പിൽ കയറാവുന്ന ഭാഗത്തെല്ലാം പ്രവർത്തകർ കയറിപ്പറ്റിയതോടെ സ്ഥാനാർത്ഥിക്കും വീർപ്പുമുട്ടായി. എങ്കിലും നിറഞ്ഞ ചിരിയോടെ അദ്ദേഹം പാതയ്‌ക്കിരുവശവും കാത്തുനിന്നവരെ കൈവീശി അഭിവാദ്യം ചെയ്തു. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനലും നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കമ്പറ നാരായണനും കെ.പി.സി.സി സെക്രട്ടറി ജി.വി.ഹരിയും റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.രാത്രി എട്ടുമണിയോടെയാണ് റോഡ് ഷോ സമാപിച്ചത്.