കഴക്കൂട്ടം: ബൈക്കുകളിലെത്തിയ സംഘം തീരദേശ റോഡിലെ ശാന്തിപുരത്തുവച്ച് കാറിൽ പോയ അഞ്ചംഗ സംഘത്തിന് നേരെ നാടൻ ബോംബെറിഞ്ഞ ശേഷം രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.45 നാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നരുവാംമൂട് സ്വദേശി നിഷാന്ത് (36), പുത്തൻതോപ്പ് സ്വദേശി നോബിൻ (23) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിഷാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെട്ടേറ്റ നോബിൻ,​ നിഷാന്ത് എന്നിവർ ഉൾപ്പെട്ട അഞ്ചംഗ സംഘം കാറിൽ പുത്തൻതോപ്പ് ഭാഗത്തുനിന്നും പുതുക്കുറിച്ചി ഭാഗത്തേക്ക് പോകുകയായിരുന്നു. കാർ തടഞ്ഞ് നാടൻ ബോംബെറിഞ്ഞശേഷം നോബിനെയും നിഷാന്തിനെയും പിടികൂടി. ഇതുകണ്ട് കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേർ ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പേഴേക്കും ബൈക്കുകളിലെത്തിയ സംഘം രക്ഷപ്പെടുകയായിരുന്നു. കഠിനംകുളം പൊലീസ് എത്തിയാണ് ചോര വാർന്നുകിടന്ന രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. തുമ്പ ആറാട്ടുകടവ് സ്വദേശിയായ വിജിത്ത്, റൊട്രിക് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമി സംഘമെത്തിയതെന്നാണ് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞത്. രണ്ടുദിവസം മുമ്പ് ബൈക്കിലെത്തിയ സംഘം വെട്ടുതുറയിലുള്ള വീടിന് മുന്നിലും തുമ്പ ആറാട്ടുവഴി പാലത്തിന് സമീപത്തുമുള്ള ഒരു വീടിന് നേരെ നാടൻ ബോംബുകളെറിഞ്ഞിരുന്നു. വിജിത്തിന്റെ സഹോദരന്റെ വീടിന് നേരെയായിരുന്നു ബോംബേറ്. അതിന്റെ പ്രതികാരമാകാം ഈ ആക്രമണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരി, കഠിനംകുളം എസ്.എച്ച്.ഒ വിൻസ് ജോസഫ്, എസ്.ഐ ദീപു എന്നിവരുൾപ്പെട്ട സംഘം പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.