
കാഞ്ഞിരംകുളം: അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരംകുളം ഡിവിഷൻ അംഗം അഡ്വ. സുനീഷിനുനേരെ ആക്രമണം. തലയ്ക്കും മുഖത്തും പരിക്കേറ്റ സുനീഷ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിന് മുന്നിൽ വച്ചാണ് സുനീഷിനെ അക്രമിച്ചത്.
കാഞ്ഞിരംകുളം ജംഗ്ഷനിൽ സുനീഷിൻ്റെ അച്ഛൻ നടത്തുന്ന പൂക്കടയ്ക്ക് സമീപം പുതിയ നിർമ്മാണ പ്രവർത്തനം നടക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പ്രശ്നം സംസാരിക്കവെയാണ് എതിർ കക്ഷികളായ സജിതയും ഭർത്താവ് പത്മകുമാറും ചേർന്ന് ആക്രമിച്ചത്. സജിത മൺവെട്ടി കൊണ്ട് സുനീഷിൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പുറകിൽ നിന്നും പത്മകുമാർ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. പൊലീസാണ് മൺവെട്ടി പിടിച്ച് വാങ്ങിയ ശേഷം ഇരുവരെയും പിടിച്ച് മാറ്റിയത്.
ഇന്നലെ രാവിലെ കെട്ടിടത്തോട് ചേർന്നുള്ള മതിലിന് സമീപം നിൽക്കുകയായിരുന്ന സുനീഷിൻ്റെ അച്ഛൻ ദയാനന്ദൻ്റെ തലയിൽ, പൂച്ചട്ടി ഇട്ട് പരിക്കേല്പിച്ചു. അദ്ദേഹവും ഇപ്പോൾ ജനറൽ ആശുപത്രി ചികിത്സയിലാണ്. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ അതിര്തർക്കം കോടതി വിധിയെ തുടർന്ന് അവസാനിച്ചു. ഇപ്പോൾ വീണ്ടും അനാവശ്യമായി തർക്കം ഉന്നയിക്കുന്നതാണ് എന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുനീഷ് പറഞ്ഞു. സജിത, പത്മകുമാർ എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.