തിരുവനന്തപുരം: കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി ശോഭാസുരേന്ദ്രൻ മത്സരിക്കും. ബി.ജെ.പി ദേശീയ നേതൃത്വമാണ് തീരുമാനം ശോഭാ സുരേന്ദ്രനെ അറിയിച്ചത്. ഡൽഹിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്നും നാളെ മണ്ഡലത്തിൽ എത്തി പ്രചാരണം തുടങ്ങുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കഴക്കൂട്ടത്ത് മത്സരിക്കാൻ കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രൻ സമ്മതം അറിയിച്ചെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു. ഇന്നലെ രാത്രി 9.30നാണ് സ്ഥിരീകരണം വന്നത്. ബി.ജെ.പിയുടെ ഒന്നാംഘട്ട പട്ടികയിൽ 112 പേരുകൾ പ്രഖ്യാപിച്ചെങ്കിലും കഴക്കൂട്ടം, കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.
ശോഭാ സുരേന്ദ്രൻ എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും കഴക്കൂട്ടത്ത് നടക്കുക. സി.പി.എമ്മിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും യു.ഡി.എഫിലെ ഡോ.എസ്.എസ് ലാലുമാണ് എതിരാളികൾ. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ് ശോഭാ സുരേന്ദ്രൻ. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ മത്സരിച്ചിരുന്നു.