തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ മുഖ്യ തിരഞ്ഞെടുപ്പ് കാര്യാലയം കൈമനത്ത് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിൽ നിന്നും ആദിവാസി മൂപ്പൻ വി.കെ. നാരായണന്റെ നേതൃത്വത്തിൽ കുമ്മനം രാജശേഖരന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ചടങ്ങിൽ വച്ച് നൽകി. പരമ്പരാഗത ആദിവാസി ആചാരപ്രകാരം തുമ്പിലയിൽ വെറ്റയും പാക്കും പുകയിലയും ഉൾപ്പടെയാണ് തുക നൽകിയത്. ഒരു തട്ടത്തിൽ പഴവർഗങ്ങളും വസ്ത്രങ്ങളും കുമ്മനം രാജശേഖരൻ ആദിവാസി മൂപ്പന് സമ്മാനിച്ചു. നേമം നിയോജക മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദക്ഷിണമേഖലാ വൈസ് പ്രസിഡന്റും പൊന്നുമംഗലം വാർഡ് കൗൺസിലിറുമായ എം.ആർ. ഗോപൻ, ജില്ലാ വൈസ് പ്രസിഡന്റും നെടുങ്കാട് വാർഡ് കൗൺസിലറുമായ കരമന അജിത്ത്, കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം സുരേഷ് ഷെട്ടി, മണ്ഡലം ജനറൽ സെക്രട്ടറി ആലംപുറം കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിനിടെ വേദിയിലെത്തിയ ചിറയിൻകീഴ് നിയോജക മണ്ഡലം സ്ഥാനാർത്ഥി ജി.എസ്. ആശാനാഥിനെ കുമ്മനം രാജശേഖരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.