
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് 98 ലക്ഷത്തിന്റെ സ്വർണവും 18 ലക്ഷത്തിന്റെ വിദേശ കറൻസിയും പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായാണ് 2.12 കിലോഗ്രാം സ്വർണം പിടിച്ചത്. റിയാദിൽ നിന്നുളള എയർഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്നു 736 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്. സ്വർണമിശ്രിതം ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ദുബായിൽ നിന്നുളള സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ യുവതിയിൽ നിന്ന് 589 ഗ്രാം സ്വർണം പിടികൂടി. 302 ഗ്രാം ആഭരണങ്ങളും 287 ഗ്രാം സ്വർണമിശ്രിതവുമാണ് പിടിച്ചത്. ഷാർജയിൽ നിന്നുളള എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് 47 ലക്ഷത്തിന്റെ സ്വർണമാണ് പിടിച്ചത്. 1,110 ഗ്രാം സ്വർണമിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
ദുബായിലേക്കു പോകാനെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് 19 ലക്ഷത്തിന് തുല്യമായ വിദേശ കറൻസി പിടിച്ചത്. സൗദി റിയാലുകളാണ് യാത്രക്കാരനിൽ നിന്ന് കണ്ടെത്തിയത്.