
തലശ്ശേരി: കളരിയുടേയും സർക്കസ് മെയ് വഴക്കത്തിന്റേയും ഈറ്റില്ലമായ തലശ്ശേരിയിൽ കടത്തനാടൻ പൂഴിക്കടകൻ വരെ പ്രയോഗിച്ച് വിജയം കൊയ്ത പോരാട്ട ചരിത്രമുണ്ട്. അങ്കത്തട്ടിലെ എതിരാളികളെല്ലാം ഗോദയിലിറങ്ങി ഇടതുപക്ഷത്തിന്റെ പ്രമുഖർക്ക് കണ്ണും പൂട്ടി മത്സരിച്ച് ജയിക്കാവുന്ന ഒരു കാലം തലശ്ശേരിക്കുണ്ടായിരുന്നു. എന്നാലിന്ന് തലശ്ശേരിയുടെ രാഷട്രീയ ബലാബലത്തിൽ തിരുത്തലുകളും കൂട്ടിച്ചേർക്കലും ഉണ്ടായിരിക്കുന്നു. പൊരുതി നേടേണ്ട സീറ്റാണിതെന്ന് മൂന്ന് മുന്നണികളും വിശ്വസിക്കുന്നു. കണക്കുകൾ അതിനെ ശരിവെക്കുകയുമാണ്.
സിറ്റിംഗ് എം.എൽ.എ എ.എൻ. ഷംസീർ രണ്ടാമങ്കത്തിന്റെ പടയോട്ടത്തിലാണ്. 1250 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസമാണ് ഷംസീറിന് വോട്ടർമാരെ സമീപിക്കാൻ ധൈര്യം നൽകുന്നത്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് യുവജന സാരഥ്യത്തിലൂടെ സംസ്ഥാന തലത്തിൽ തന്നെ സി.പി.എമ്മിന്റെ മുഖമാണിന്ന് ഈ ചെറുപ്പക്കാരൻ.
2014ൽ വടകര പാർലിമെന്റ് മണ്ഡലത്തിൽ തന്റെ കന്നിയങ്കത്തിൽ മൂവായിരത്തിലേറെ വോട്ടുകൾക്കായിരുന്നു ഷംസീർ, സീനിയർ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടത്. ടി.പി. ചന്ദ്രശേഖരൻ ഇഫക്ടും അപരൻ മൂവായിരത്തിലേറെ വോട്ടു വാങ്ങിയതുമാണ് യുവനേതാവായ ഷംസീറിന്റെ പരാജയത്തിന് അന്ന് കാരണമായത്.
എന്നാൽ തൊട്ട് പിറകെ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് എ.പി. അബ്ദുള്ളക്കുട്ടിയെ തോൽപ്പിച്ച് ഷംസീർ അസംബ്ലിയിലെത്തിയത്.
2016ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ എ.എൻ. ഷംസീർ സി.പി.എം (70,741) എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് (36,624), വി.കെ. സജീവൻ ബി.ജെ.പി (22,125) എന്നിങ്ങനെയാണ് വോട്ട് നില. എന്നാൽ കഴിഞ്ഞ വർഷം നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പി. ജയരാജന് (സി.പി.എം) 65401 വോട്ടും, കെ. മുരളീധരന് (കോൺഗ്രസ്) 53932 വോട്ടും, വി.കെ. സജീവന് (ബി.ജെ.പി) 13456 വോട്ടുകളുമാണ് ലഭിച്ചത്. അസംബ്ലിയിൽ കിട്ടിയതിനേക്കാൾ അയ്യായിരത്തിലേറെ വോട്ടുകൾ എൽ.ഡി.എഫിൽ നിന്നും ചോർന്നു. ഷംസീറിന്റെ വോട്ടുകളിൽ ചോർച്ചയുണ്ടാക്കാൻ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ സി.പി.എം നഗരസഭാംഗവും ലോക്കൽ കമ്മിറ്റി അംഗവുമായ സി.ഒ.ടി. നസീറും മത്സരരംഗത്തുണ്ട്.
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എം.പി. അരവിന്ദാക്ഷനാണ് യു.ഡി.എഫ്.സ്ഥാനാർത്ഥി. ഗാന്ധിയൻ ദർശനങ്ങളെ വാക്കിലും പ്രവർത്തിയിലും കാത്തു സൂക്ഷിക്കുന്ന ലളിത ജീവിതത്തിനുടമയാണ് ഈ 59 കാരൻ. പാർട്ടി വോട്ടുകൾക്കുമപ്പുറം കതിരൂർ, എരഞ്ഞോളി, കോടിയേരി പ്രദേശങ്ങളിലെ ജാതീയമായ സ്വാധീനവും ജനകീയതയുമാണ് അരവിന്ദാക്ഷനെ തുണയ്ക്കുന്ന ഘടകങ്ങൾ. നഗരസഭാംഗമായിരുന്നപ്പോൾ നടത്തിയ ഇടപെടലുകൾ മികച്ച ജനപ്രതിനിധിയുടെ പരിവേഷവും നൽകി.
ജില്ലാ പ്രസിഡന്റും മുൻ നഗരസഭാംഗവുമായ എൻ. ഹരിദാസ് ബി.ജെ.പിയുടെ സൗമ്യ മുഖമാണ്. തലശ്ശേരി നഗരസഭയിലടക്കം ബി.ജെ.പി.ക്ക് വലിയ തോതിൽ മുന്നേറ്റമുണ്ടാക്കാൻ ഹരിദാസിന്റെ പ്രവർത്തനങ്ങൾ ഏറെ സഹായകമായിരുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ബി.ജെ.പി.യുടെ ഒരു വോട്ട് പോലും ചോർന്ന് പോകാതിരിക്കാനാണ് ജില്ലാ അദ്ധ്യക്ഷനെ തന്നെ ഇവിടെ പോരിനിറക്കിയത്. ബി.ജെ.പിക്ക് വേരോട്ടമില്ലാത്ത തലശ്ശേരിയിലെ സമീപ പഞ്ചായത്തുകളിൽ കടന്നുകയറ്റമുണ്ടാക്കാനും തദ്ദേശ ഭരണസ്ഥാപനങ്ങളിൽ പ്രാതിനിധ്യമുണ്ടാക്കാനുമായത് ഹരിദാസിന്റെ നേതൃപാടവത്തിന് അടിവരയിടുന്നു. അക്രമ രാഷട്രീയത്തിനെതിരെ മുഖം നോക്കാതെ നിലപാടെടുക്കുന്ന നേതാവ് കൂടിയാണ് ഹരിദാസ്.
അരിച്ച് പെറുക്കി ഓരോ വോട്ടും തങ്ങളുടെ പെട്ടിയിൽ തന്നെ വീഴ്ത്താൻ മുന്നണികൾ പഴുതടച്ചുള്ള പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു.
മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി തർക്കമുണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ഏതായാലും കണക്കുകൾ ഒരിക്കലും പിഴക്കില്ലെന്ന് പറയാൻ കഴിയാത്തിടത്തോളം തലശ്ശേയിലെ പോരാട്ടം അഗ്നി ചിതറുന്നത് തന്നെയായിരിക്കും.