തിരുവനന്തപുരം: കേരളത്തിന്റെ മലയോര മേഖലകളുടെ വികസനസ്വപ്നങ്ങൾക്ക് വഴിതുറക്കുന്ന മലയോര ഹൈവേ നിർമ്മാണം വനം വകുപ്പിന്റെ മുട്ടുന്യായങ്ങൾമൂലം മുടന്തുന്നു. മലയോരമില്ലാത്ത ആലപ്പുഴ ഒഴിച്ചുള്ള എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന ഈ സ്വപ്നപദ്ധതിക്കു വേണ്ടി എട്ട് ജില്ലകളിലായി വനം വകുപ്പിന്റെ 108.5231ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ് അധികൃതരുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.

പരിസ്ഥിതി പ്രശ്നവും വന്യജീവി സുരക്ഷയുമടക്കമുള്ള സാങ്കേതിക തടസങ്ങളാണ് വനംവകുപ്പ് ഉന്നയിക്കുന്നത്. 2017-18 ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും കിഫ്ബി സഹായത്തോടെ നിർമ്മിക്കാൻ ഉത്തരവായതുമാണ് മലയോര ഹൈവേ. കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ 1251 കിലോമീറ്റർ ഹൈവേക്ക് 3500 കോടിയാണ് വകയിരുത്തിയത്. 43 റീച്ചുകളായി തിരിച്ച് പണി തീർക്കാനായിരുന്നു ലക്ഷ്യം. നിർമ്മാണ മേൽനോട്ടം പൊതുമരാമത്ത് വകുപ്പിനും. 2018 ൽ ചില റീച്ചുകളിൽ നിർമ്മാണം തുടങ്ങി. മിക്ക പ്രവൃത്തികൾക്കും സാങ്കേതികാനുമതിയും 21 റീച്ചുകൾക്ക് സാമ്പത്തിക അനുമതിയും കിട്ടിയിട്ടുണ്ട്.

പൂർത്തീകരിച്ച ഭാഗങ്ങൾ

*കാസർകോട് ജില്ല- നന്ദാരപ്പടവ് മുതൽ ചേവാർ വരെ 23 കിലോമീറ്റർ (54.760 കോടി)

*കണ്ണൂർ ജില്ല-ചെറുപുഴ-പയ്യാവൂർ-ഉളിക്കൽ- വള്ളിത്തോട് വരെ 59.415 കി.മീ(237.20 കോടി)

*കൊല്ലം ജില്ല -പുനലൂർ മുതൽ മടത്തറ കൊലായിൽ വരെ 48 കി.മീ (201.670 കോടി).

 വനഭൂമി വേണ്ട ജില്ലകൾ

കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം (മൂവാറ്റുപുഴ, എറണാകുളം ഡിവിഷനുകൾ), ഇടുക്കി, കോട്ടയം.

 ഘടന

*ആകെ ദൂരം..1251 കി.മീ

*ചെലവ് ...3500 കോടി