kseb-

സാധാരണക്കാരന്റെ അപേക്ഷകൾക്ക് സർക്കാർ ജീവനക്കാർ ഏതു വകുപ്പിലായാലും വില കല്പിക്കാറില്ല. ചട്ടങ്ങളും ന്യായങ്ങളും പറഞ്ഞ് അവരെ നടത്തിക്കാനുള്ള ജീവനക്കാരുടെ മിടുക്ക് ലോകപ്രസിദ്ധമാണ്. ഇതേ ഉദ്യോഗസ്ഥർക്ക് മുകളിൽ നിന്ന് ഒരു വിളി വരികയോ അല്ലെങ്കിൽ അവരെ ഏജന്റുമാർ വഴി സമീപിക്കുകയോ ചെയ്താൽ ഇരുപത്തിനാല് മണിക്കൂറിനകം അനുമതി നൽകാനുമറിയാം.

വൈദ്യുതിയും വെള്ളവും പൗരന്റെ അവകാശമാണെന്നും അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം ഇതിനുള്ള കണക്‌ഷൻ നൽകാൻ വൈദ്യുതി ബോർഡിന് ബാദ്ധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി ഒരു വിധിയിൽ വ്യക്തമാക്കിയത് സാധാരണക്കാർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.

മലപ്പുറം കുറ്റിപ്പാല സ്വദേശി പി. സൈനുദ്ദീന് വൈദ്യുതി കണക്‌ഷൻ നൽകാനുള്ള ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിന്റെ ഉത്തരവ് പാലിക്കാത്തതിന്റെ പേരിൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർക്ക് 50,000 രൂപയും അസി. എൻജിനിയർക്ക് 25,000 രൂപയും പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഹർജി നൽകി. ഇവരുടെ ആവശ്യം നിരസിച്ചുകൊണ്ടുള്ള വിധിയിലാണ് , തന്റെ ചെറിയ വീട്ടിൽ വിളക്കു തെളിയിക്കാനാണ് സൈനുദ്ദീന് തെക്കുവടക്ക് നടക്കേണ്ടി വന്നതെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ചൂണ്ടിക്കാട്ടിയത്. ഇനി ആര് അപേക്ഷിച്ചാലും ഒരു മാസത്തിനകം കണക്‌ഷൻ നൽകണമെന്ന് സിംഗിൾ ബെഞ്ച് നൽകിയ നിർദ്ദേശമാണ് ഈ വിധിയെ അതീവ മൂല്യവത്താക്കി മാറ്റിയത്. ഈ വിധിയുടെ പകർപ്പ് സഹിതം ഒരു വ്യക്തി പുതിയ അപേക്ഷ നൽകിയാൽ തൊടുന്യായങ്ങൾ പറഞ്ഞ് കണക്‌ഷൻ നൽകാതിരിക്കാൻ ഉദ്യോഗസ്ഥർ ഇത്തിരി വിയർക്കും.

ലോ ടെൻഷൻ ലൈൻ പോകുന്ന സ്ഥലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സൈനുദ്ദീൻ വീട് വച്ചതെന്ന ന്യായമാണ് വൈദ്യുതി നിഷേധിക്കാൻ കാരണമായി ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞത്. കേസായപ്പോൾ ലോ ടെൻഷൻ ലൈൻ മാറ്റുന്നതിന്റെ ചെലവ് അപേക്ഷകൻ വഹിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സാധാരണക്കാരൻ തുക കെട്ടിവച്ചു. എന്നിട്ടും കണക്‌ഷൻ കൊടുത്തില്ല. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ വൈദ്യുതി റഗുലേറ്ററി കമ്മിഷനെ സമീപിച്ചു. അപ്പോൾ അയൽക്കാരന്റെ പക്കൽ നിന്ന് സമ്മതപത്രം വാങ്ങിയിട്ടില്ല എന്ന മറ്റൊരു തടസമാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്. തടസങ്ങൾ ഗഡുക്കളായി പറയാതെ ആദ്യം തന്നെ ചൂണ്ടിക്കാട്ടേണ്ടതായിരുന്നു എന്നും കണക്‌ഷൻ വൈകിപ്പിച്ചതിന് പിഴ നൽകണമെന്നും കമ്മിഷൻ വിധിച്ചു. ഇതിനെതിരെ ഹൈക്കോടതിയിൽ പോയ ഉദ്യോഗസ്ഥർക്ക് മാനവും പോയി പണവും പോയി എന്ന അവസ്ഥ വന്നതിൽ ആർക്കും ഒരു വിഷമവും തോന്നില്ല.

കഴിഞ്ഞ മാസമാണ് നെയ്യാറ്റിൻകരയിൽ സനിൽകുമാർ എന്ന ചെറുപ്പക്കാരൻ ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. 1496 രൂപയാണ് അയാൾ അടയ്ക്കാനുണ്ടായിരുന്നത്. ഫ്യൂസ് ഊരുന്നത് ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് അപേക്ഷിച്ചിട്ടും അധികൃതർ തയ്യാറായില്ല. ഇങ്ങനെ ഫ്യൂസ് ഊരാൻ കാണിക്കുന്ന വേഗത കണക്‌ഷൻ നൽകാനും കാണിക്കണ്ടേ സാറന്മാരെ...