
പുളിമൂട്ട് കടവിലെ കായലിൽ കാർ മറിഞ്ഞ നിലയിൽ
ചിറയിൻകീഴ്: ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ ചിറയിൻകീഴ് പുളിമൂട്ടിൽക്കടവിന് സമീപം വാമനപുരം നദിയിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. ചിറയിൻകീഴ് ആൽത്തറമൂട് താഴേവിളാകത്ത് വീട്ടിൽ തങ്കപ്പൻ ചെട്ടിയാരുടെയും ഷീലയുടെയും മകൻ മധു (51), പണ്ടകശാല കൊച്ചുവയലിൽ വീട്ടിൽ ജ്യോതിദത്ത് (53) എന്നിവരാണ് മരിച്ചത്. പുളിമൂട്ടിൽ കടവിന് താഴെ കരുന്ത്വാകടവിലേക്ക് പോകുന്ന റോഡിൽ ഇന്നലെ പുലർച്ചെ 5.30നായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 16 വി 1782 നമ്പരുള്ള വെള്ള ആൾട്ടോ കാറാണ് ആറ്റിലേക്ക് മറിഞ്ഞത്.
ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മധുവും ജ്യോതിദത്തും ഒരു മരണത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. അപകടമുണ്ടായിടത്ത് റോഡിന് ചെറിയ വളവുമുണ്ട്. നിയന്ത്രണം വിട്ട കാർ റോഡിൽ സൈഡ് വാളില്ലാത്തതിനാൽ വെള്ളത്തിൽ വീഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്‌സും പൊലീസും ചേർന്ന് ഗ്ലാസ് പൊട്ടിച്ച് കാർ വടത്തിൽ കെട്ടി ഒഴുക്കിൽപ്പെടാതെ നിറുത്തി. കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തെങ്കിലും മരിച്ചു.
കൺസ്ട്രക്ഷൻ ഫീൽഡിൽ ജോലി ചെയ്യുന്ന മധുവാണ് കാർ ഓടിച്ചിരുന്നത്. സി.പി.എം ചിറയിൻകീഴ് വെസ്റ്റ് ബ്രാഞ്ച് മെമ്പർറാണ് മധു. ഭാര്യ: രഞ്ചു. മക്കൾ: ശ്രീജിത്ത് (എൻജിനീയറിംഗ് വിദ്യാർത്ഥി), വിഷ്ണു (പത്താംക്ലാസ് വിദ്യാർത്ഥി, ആറ്റിങ്ങൾ സി.എസ്.ഐ സ്‌കൂൾ).
ജ്യോതിദത്ത് ഏജൻസിയിലെ സെയിൽസ് വിഭാഗം ജീവനക്കാരനാണ്. ഭാര്യ: ലതിക. മക്കൾ: അനന്ന്യ (അഴൂർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി), ഹൃദ്യ (ആറാം ക്ലാസ് വിദ്യാർത്ഥി, ശ്രീ ശാരദ വിലാസം ഗേൾസ് ഹൈസ്കൂൾ).
മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.