nirmala-sitaraman-

അടിസ്ഥാന വികസന പദ്ധതികൾ നടപ്പാക്കാൻ വമ്പിച്ച മൂലധനം കണ്ടെത്തൽ വലിയ വെല്ലുവിളിയാണ്. സർക്കാരിന്റെ വാർഷിക ബഡ്‌ജറ്റിൽ ഒരിക്കലും ഒതുങ്ങില്ല. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് കേരളത്തിലെ ഇടതു സർക്കാർ പുതിയ ആശയവുമായി മുന്നോട്ടുവന്നത്. ബഡ്‌ജറ്റിനു പുറത്ത് പണം സമാഹരിച്ച് വികസന പദ്ധതികൾ ഏറ്റെടുക്കാമെന്ന് കണ്ടെത്തിയത് അങ്ങനെയാണ്. 'കിഫ്‌ബി' എന്ന ചുരുക്കപ്പേരി​ൽ തുടക്കമി​ട്ട പുതുസംരംഭത്തി​നെതി​രെ പ്രതി​പക്ഷപാർട്ടി​കൾ രൂക്ഷവി​മർശനങ്ങളുമായി​ രംഗത്തുണ്ടെങ്കി​ലും 'കി​ഫ്‌‌ബി​" വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ വികസന പദ്ധതികൾ നാടിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്രസർക്കാരും കിഫ്‌ബി മോഡൽ വികസന പരീക്ഷണത്തിനൊരുങ്ങുന്നു. ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ബഡ്‌ജറ്റിൽ ഡവലപ്പ്‌മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ (ഡി.എഫ്.ഐ) രൂപീകരിച്ച് വൻ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡി.എഫ്.ഐ രൂപീകരണവുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന്റെ ഭാഗമായി ഇതിനുള്ള ബിൽ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാകുന്നതോടെ സ്ഥാപനം നിലവിൽ വരും.

വികസന പദ്ധതികൾക്കായി വൻതോതിൽ പണമൊഴുക്കാൻ സർക്കാരിന് പരിമിതികളുണ്ട്. ഓരോ വകുപ്പിനുമായി വിഹിതം വീതിച്ചു കഴിയുമ്പോഴേക്കും വലിയ മുതൽ മുടക്ക് ആവശ്യമായ പദ്ധതികൾ ഏറ്റെടുക്കാൻ മിച്ചമൊന്നും കാണില്ല. സർക്കാരിന്റെ പക്കലേ പണമില്ലാതുള്ളൂ. ജനങ്ങളുടെ പക്കൽ അത് ധാരാളമുണ്ട്. ആദായമുണ്ടെങ്കിൽ രാഷ്ട്ര വികസനത്തിനായി പണം മുടക്കാൻ അവർ തയ്യാറുമാണ്. സർക്കാരിന് ജനങ്ങളിൽ നിന്ന് നേരിട്ട് നിക്ഷേപം സ്വീകരിക്കാൻ കടമ്പകളേറെയുണ്ട്. പ്രത്യേക ബോണ്ട് പുറപ്പെടുവിച്ചും കടപ്പത്രങ്ങൾ വഴിയും പണം സ്വരൂപിക്കാറുണ്ടെങ്കിലും വികസന പദ്ധതികളുടെ വൈപുല്യം നോക്കിയാൽ അത് തുലോം തുച്ഛമായിരിക്കും. ഇവിടെയാണ് പുതിയ സംരംഭത്തിന്റെ പ്രസക്തിയും പ്രായോഗികതയും. കേന്ദ്രം ആലോചിക്കും മുമ്പേ കേരളം ആ വഴിയിലൂടെ മുന്നേറി എന്നതാണ് മലയാളികൾക്കാകെ അഭിമാനം പകരുന്നത്. ധനമന്ത്രി ഡോ. തോമസ് ഐസക്കിനും അഭിമാന മുഹൂർത്തം കൂടിയാണിത്. 'കിഫ്‌ബി' യുടെ പേരിൽ ഏറെ പഴി കേൾക്കേണ്ടിവന്നു അദ്ദേഹം. അദ്ദേഹത്തിനെതിരെ ഊരിയ വാളുമായി ഇപ്പോഴും നിൽക്കുന്ന വിമർശകർ കേന്ദ്രം കൊണ്ടുവരാൻ പോകുന്ന ഡവലപ്‌മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനെ എങ്ങനെയാണ് കാണാൻ പോകുന്നത്?

2020 - 25 കാലയളവിൽ രാജ്യത്ത് 111 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ അതിനുള്ള പണം കണ്ടെത്താനാണ് പുതിയ സ്ഥാപനം രൂപീകരിക്കുന്നത്. ഇരുപതിനായിരം കോടി രൂപയുടെ പ്രാഥമിക മൂലധനവുമായി ആരംഭിക്കുന്ന ഡി.എഫ്.ഐ എല്ലാ അർത്ഥത്തിലും എല്ലാം തികഞ്ഞ ധനകാര്യ സ്ഥാപനമെന്ന നിലയിലാകും പ്രവർത്തിക്കുക. തുടക്കത്തിൽത്തന്നെ മൂന്നുലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം. ആദ്യകാലത്ത് നൂറു ശതമാനം ഓഹരിയും കേന്ദ്ര സർക്കാരിന്റേതായിരിക്കും. കാലക്രമേണ 26 ശതമാനമായി കുറച്ചുകൊണ്ടുവരും. ഡി.എഫ്.ഐ വഴി നടപ്പാക്കാൻ തുടക്കത്തിൽ ഏഴായിരത്തോളം വൻകിട പദ്ധതികളും കണ്ടെത്തിയിട്ടുണ്ട്. ദ്രുതഗതിയിലുള്ള വികസനവും സാമ്പത്തിക വളർച്ചയും നേടാൻ ഇതുപോലുള്ള പുതുവഴികൾ ഉതകുമെന്നതിനാലാണ് പരമ്പരാഗത വഴിയിൽ നിന്ന് മാറി ചിന്തിക്കാൻ കേന്ദ്രവും തയ്യാറായത്. ഫലപ്രാപ്തിയെക്കുറിച്ച് സംശയം വേണ്ടെന്നതിന് മികച്ച ഉദാഹരണം കേരളമാണ്. എത്രയെത്ര പദ്ധതികളാണ് 'കിഫ്‌ബി' വഴി​ ഇതിനകം പൂർത്തി​യായത്. അനവധി​ പദ്ധതി​കൾ നി​ർമ്മാണ ഘട്ടത്തി​ലുമുണ്ട്. സർക്കാർ ഉറപ്പുണ്ടെങ്കി​ൽ എത്ര പണം വേണമെങ്കി​ലും നി​ക്ഷേപമായി​ നൽകാൻ സന്നദ്ധതയുള്ളവർക്ക് രാജ്യത്ത് കുറവില്ല.