
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് അണുബാധയോ, ക്ഷതങ്ങളോ, രോഗ പ്രതിരോധ വ്യവസ്ഥയുടെ തകരാറുകൾ കൊണ്ടോ വീക്കമുണ്ടാകുന്ന അവസ്ഥയാണ് പ്രോസ്റ്റൈറ്റിസ്.
മൂത്രമൊഴിക്കുമ്പോഴുള്ള പ്രയാസം, തുടയിടുക്കിലോ, ഇടുപ്പിലോ, മൂത്രനാളിയിലോ ഉണ്ടാകുന്ന വേദന, ചിലപ്പോൾ പനിയുള്ളതുപോലെയുള്ള തോന്നൽ, ലൈംഗികബന്ധത്തിലേർപ്പെടുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ.
പെട്ടെന്ന് ഉണ്ടാകുന്നത്, ദീർഘനാളായി കാണുന്നത് എന്നിങ്ങനെ രണ്ടുതരം പ്രോസ്റ്റൈറ്റിസ് ഉണ്ട്. ലക്ഷണങ്ങൾ മാസങ്ങളോളം തുടരുന്ന തരത്തിലുള്ളവയാണ് സാധാരണ കാണുന്ന പ്രോസ്റ്റൈറ്റിസ്. പെട്ടെന്നുണ്ടാകുന്നതും തീവ്രമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും വിരളമായി മാത്രം കാണുന്ന തരത്തിലുള്ളതുമായ അക്യൂട്ട് പ്രോസ്റ്റൈറ്റിസ് ആണ് കൂടുതൽ കുഴപ്പക്കാരൻ. മൂന്നു മാസത്തിലേറെ നീണ്ടുനിൽക്കുന്ന പ്രോസ്റ്റൈറ്റിസിനെ ക്രോണിക് ആയി പരിഗണിക്കാം.
പ്രോസ്റ്റൈറ്റിസ് ഉള്ളവർക്കെല്ലാം പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകുമെന്ന ധാരണ ശരിയല്ല.എന്നാൽ, പ്രോസ്റ്റൈറ്റിസുള്ളവർ പി.എസ്.എ കൂടി പരിശോധിച്ച് രോഗത്തിന്റെ സ്വഭാവം മനസിലാക്കുന്നത് നല്ലതാണ്.
പ്രോസ്റ്റൈറ്റിസ് പൂർണ്ണമായി ചികിത്സിച്ചു മാറ്റാൻ പ്രയാസമാണെങ്കിലും ബുദ്ധിമുട്ടുകൾ നന്നായി കുറയ്ക്കാൻ മരുന്നുകൾ കൊണ്ട് സാധിക്കും.
ചായയും കോഫിയും സ്ഥിരമായി കുടിക്കുന്ന പ്രോസ്റ്റൈറ്റിസ് രോഗികൾ അവ ഒഴിവാക്കി പകരം വെള്ളം കുടിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഇതുപോലെ ഒഴിവാക്കേണ്ടതാണ് മദ്യം. എരിവും മസാലയും കൂടുതലുള്ള ആഹാരവും ഓറഞ്ച് തുടങ്ങിയ പുളിയുള്ള പഴങ്ങളും കൂടുതൽ സമയം തുടർച്ചയായി ഇരിക്കുന്നതും സൈക്കിൾ ചവിട്ടുന്നതും രോഗത്തിനും രോഗ വർദ്ധയ്ക്കും കാരണമായേക്കാം. പ്രത്യേകിച്ചും 50 വയസിനടുത്ത് പ്രായമുള്ളവരിൽ.
വളരെ വീക്കമുള്ള പ്രോസ്റ്റൈറ്റിസ് ഉള്ളവരെക്കാൾ കൂടുതൽ ബുദ്ധിമുട്ട് അത്ര വീക്കമില്ലാത്ത പ്രോസ്റ്റൈറ്റിസ് രോഗികളിൽ കാണാറുണ്ട്. രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കണമെന്ന തോന്നൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ വീക്കം കാരണമുണ്ടാകാം.
തുടയിടുക്കിലെ വേദന വർദ്ധിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം പോകാതിരിക്കുക, ശുക്ലം സ്രവിക്കുമ്പോൾ വേദന, പനി, ക്ഷീണം തുടങ്ങിയവ പ്രോസ്റ്റൈറ്റിസ് രോഗികളിൽ കൂടുതലായി കണ്ടാൽ അണുബാധ വർദ്ധിച്ചതാണോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മാതളത്തിന്റെ (പോമിംഗ്രനേറ്റ് ) ജ്യൂസ് പ്രോസ്റ്റൈറ്റിസ് രോഗികൾക്ക് വളരെ ഫലപ്രദമാണ്.
പ്രോസ്റ്റൈറ്റിസ് ഗ്രന്ഥിയുലെ വീക്കം കുറയുന്നതിനും ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വളരെ പ്രയോജനകരമായ മരുന്നുകൾ ആയുർവേദത്തിലുണ്ട്.