
തിരുവനന്തപുരം: ജില്ലയിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികളിൽ കൂടുതൽ തവണ മത്സരിച്ചത് കെ.മുരളീധരനും ഡോ.നീലലോഹിതദാസൻ നാടാരും.എട്ടു മത്സരങ്ങൾ വീതം.ലോക് സഭയിലേക്ക് നാല് തവണ തിരഞ്ഞെടുക്കപ്പെട്ട കെ.മുരളീധരൻ ഒരിക്കൽ തോറ്റു. കേരള നിയമസഭയിലേക്ക് ഒരു ഉപതിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും 2011 ലും 2016 ലും വട്ടിയൂർക്കാവിൽ നിന്ന് ജയിച്ചു.
പക്ഷേ,പ്രായത്തിൽ നീലലോഹിത ദാസൻ നാടാരെ കടത്തിവെട്ടാൻ മറ്റാരുമില്ല- 73 വയസ്. പ്രായം കൊണ്ട് ജില്ലയിലെ സ്ഥാനാർത്ഥികളിലെ 'ബേബി ' വട്ടിയൂർക്കാവിലെ യു.ഡി.എഫ് പ്രതിനിധി വീണ എസ്.നായരാണ്.-31 വയസ്.
നീലൻ നിയമസഭയിലേക്ക് ആറുതവണ മത്സരിച്ചപ്പോൾ നാലു വിജയം.നാലും കോവളത്ത്.രണ്ട് തവണ മന്ത്രി. 1980-ൽ തിരുവനന്തപുരത്തുനിന്ന് ലോക്‌സഭയിലേക്കും മത്സരിച്ച് ജയിച്ചു. 1972-ൽ കേരള സർവകലാശാല യൂണിയൻ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1987- 91, 99-2000 കാലയളവുകളിൽ നായനാർ മന്ത്രിസഭയിൽ അംഗം.ഗണിത ശാസ്ത്രത്തിൽ ബിരുദവും ബി.എഡും നേടി.നിയമബിരുദത്തിന് പുറമെ ഹിന്ദിയിൽ ഡോക്ടറേറ്റുമുണ്ട്.കഴിഞ്ഞ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വി.ശശിയാണ് പ്രായത്തിൽ രണ്ടാമൻ-70. ഇടതു മുന്നണിയിലെ ഏറ്റവും പ്രായംകുറഞ്ഞയാൾ വട്ടിയൂർക്കാവിലെ സിറ്റിംഗ് എം.എൽ.എ 40 കാരനായ വി.കെ.പ്രശാന്ത്.
കൂടുതൽ നിയമബിരുദക്കാർ
അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുകയോ നിയമബിരുദം നേടുകയോ ചെയ്തിട്ടുള്ളവരാണ് മൂന്ന് മുന്നണിയിലും കൂടുതലുള്ളത്. ഇടതുപക്ഷത്ത് ആറു പേരും യു.ഡി.എഫിലും എൻ.ഡി.എയിലും മൂന്ന് പേർ വീതവും നിയമ ബിരുദധാരികളാണ്. അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥൻ എൻജിനിയറിംഗ് ബിരുദവും എം.ബി.എ യോഗ്യതയും നേടിയിട്ടുണ്ട്.വർക്കല മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അജി എസ്.ആർ.എമ്മും എൻജിനീയറിംഗ് ബിരുദധാരിയും ബിൽഡറുമാണ്.
അദ്ധ്യാപക രംഗത്തു നിന്ന് രണ്ട് പേരുണ്ട്.കാട്ടാക്കടയിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസും ആറ്റിങ്ങൽ മണ്ഡലത്തിലെ എ.ശ്രീധരനും (യു.ഡി.എഫ്).ശ്രീധരൻ ബിരുദാനന്തര ബിരുദത്തിന് ശേഷം നിയമബിരുദവും കരസ്ഥമാക്കി. സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി എ.ഇ.ഒ ആയി.സ്കൂൾ ഹെഡ്മാസ്റ്ററായും ഡി.ഇ.ഒ ആയും പ്രവർത്തിച്ചു.സർവീസിൽ നിന്ന് പിരിഞ്ഞ ശേഷം അഭിഭാഷകനായി.
വൈദ്യശാസ്ത്ര രംഗവും ബിസിനസും
കഴക്കൂട്ടം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്.ലാലാണ് വൈദ്യശാസ്ത്ര രംഗത്തു നിന്ന് മത്സരത്തിനെത്തിയത്.ഉദയ സമുദ്ര ഗ്രൂപ്പ് എം.ഡി.എസ്.രാജശേഖരൻ നായരാണ് (നെയ്യാറ്റിൻകര) ബിസിനസ് രംഗത്തു നിന്നുള്ള പ്രതിനിധി. പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. എൻ.ഡി.എ പ്രതിനിധിയാണ്.
സിനിമാ രംഗത്തു നിന്നുള്ള ഒരു പ്രതിനിധിയുണ്ട്- തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ. വിവാഹം കഴിക്കാത്ത ഏക സ്ഥാനാർത്ഥി നേമത്ത് മത്സരിക്കുന്ന കുമ്മനം രാജശേഖരനും.