
തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും പരസ്പരം ജയിപ്പിക്കാൻ എത്ര മണ്ഡലങ്ങളിൽ കരാറെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും ഡീലുണ്ടാക്കിയെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമാണ്. തങ്ങൾ നേരത്തേ പറഞ്ഞതാണ് ബാലശങ്കർ ശരിവച്ചത്. ബി.ജെ.പിയുമായി വോട്ട്കച്ചവടം ഉറപ്പിച്ച ശേഷമാണ് പിണറായി മതേതരത്വത്തിന്റെ മഹത്വത്തെക്കുറിച്ച് വാചകമടിക്കുന്നത്.
സി.പി.എമ്മിന് തുടർഭരണമുറപ്പാക്കാനും ബി.ജെ.പിക്ക് കുറച്ച് സീറ്റുകൾ കൂടുതൽ കിട്ടാനുമായാണ് ഇരുവരും ഡീലിനെ കാണുന്നത്. രണ്ട് പാർട്ടികളുടെയും സ്ഥാനാർത്ഥിപട്ടിക പരിശോധിച്ചാൽ കൂട്ടുകെട്ട് വ്യക്തമാകും. സീറ്റ് കിട്ടാത്തതിലെ നിരാശയിൽ പറയുന്നതാണെന്ന് പറഞ്ഞ് ബാലശങ്കറിന്റെ പ്രസ്താവനയെ നിസാരവത്കരിക്കാനോ തള്ളിക്കളയാനോ ആവില്ല. രസികൻ വോട്ടുകച്ചവടത്തെപ്പറ്റിയാണ് ബാലശങ്കർ പറഞ്ഞത്. ആറന്മുളയിലും ചെങ്ങന്നൂരിലും കോന്നിയിലും മാത്രമല്ല, സംസ്ഥാനത്തുടനീളം ഇതുണ്ട്.
അപകടകരമായ ഈ കളി സി.പി.എമ്മിന്റെ അന്ത്യത്തിന് വഴിവയ്‌ക്കും. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ സി.പി.എം നേതൃത്വം അണികളെ വഞ്ചിച്ചു. ബി.ജെ.പി സ്ഥാനാർത്ഥികളിൽ അരഡസനിലേറെ പേർ സി.പി.എമ്മിലും സി.പി.ഐയിലും നിന്ന് പോയവരാണ്. കേരളത്തിൽ കോൺഗ്രസിൽ നിന്ന് മുൻ എം.എൽ.എമാരോ മന്ത്രിമാരോ ബി.ജെ.പിയിലേക്ക് പോയിട്ടില്ല. എന്നിട്ടും കോൺഗ്രസിനെ കുറ്റം പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണം.
നേമത്ത് പുലിയുടെ മടയിൽ ആക്രമിക്കുകയാണ് യു.ഡി.എഫ് ചെയ്തത്. നേമത്ത് ഇപ്പോൾ തന്നെ പരാജയം സമ്മതിച്ചതിന് തെളിവാണ് മുഖ്യമന്ത്രിയുടെ കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനം. നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ യു.ഡി.എഫ് ഇറക്കിയപ്പോൾ ഡീലിന്റെ ഭാഗമായി ദുർബലനായ സ്ഥാനാർത്ഥിയെയാണ് സി.പി.എം ഇറക്കിയത്. മലമ്പുഴയിലും മഞ്ചേശ്വരത്തും ദുർബലരെയാണ് സി.പി.എം സ്ഥാനാർത്ഥികളാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.