
തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആർക്കു വേണ്ടിയും അദ്ദേഹം ശുപാർശ ചെയ്‌തിട്ടില്ല. കെ.സി. വേണുഗോപാൽ പാർട്ടിക്ക് മുതൽക്കൂട്ടാണ്. കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത് ശരിയല്ല. അദ്ദേഹത്തിന് കൂടുതൽ കാര്യങ്ങൾ അറിയാത്തത് കൊണ്ടാകാം. അതിമനോഹരമായ സ്ഥാനാർത്ഥിപട്ടികയാണ് ഇത്തവണ കോൺഗ്രസിന്റേത്.
തർക്ക പശ്ചാത്തലത്തിൽ ഇരിക്കൂറിലെ സ്ഥാനാർത്ഥിയെ മാറ്റുമോയെന്ന ചോദ്യത്തിന്, എ.ഐ.സി.സി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ മാറ്റാറില്ലെന്ന് ചെന്നിത്തല മറുപടി നൽകി. എൻ.സി.കെയ്‌ക്ക് നൽകിയ എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കേണ്ട സാഹചര്യമില്ല. തവനൂരിൽ ഫിറോസ് കുന്നുംപറമ്പിൽ യു.ഡി.എഫ് സ്വതന്ത്രനായാണ് മത്സരിക്കുക. കേരള കോൺഗ്രസ് - ജോസഫ് വിഭാഗം പി.സി. തോമസ് വിഭാഗവുമായി ലയിക്കുന്നതിൽ തെറ്റില്ല. യു.ഡി.എഫ് പ്രകടനപത്രിക 20ന് പുറത്തിറക്കും.
പൊട്ടുന്ന പളുങ്ക് പാത്രമാണ് കോൺഗ്രസെന്ന പി.സി. ചാക്കോയുടെ വിമർശനത്തെപ്പറ്റി ചോദിച്ചപ്പോൾ, ആ പളുങ്കുപാത്രമാണ് ചാക്കോയെ നാലുതവണ എം.പിയാക്കിയതെന്നായിരുന്നു മറുപടി.