
തിരുവനന്തപുരം: അടുത്തടുത്ത പഞ്ചായത്തുകളിലെ മൂന്ന് പേർ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാണ്. നെടുമങ്ങാട്, വാമനപുരം, ചിറയിൻകീഴ് മണ്ഡലങ്ങളിൽ ജനവിധി തേടുന്ന പി.എസ്. പ്രശാന്ത്, ആനാട് ജയൻ, ബി.ആർ.എം. ഷെരീഫ് എന്നിവരാണ് ഒരേതാലൂക്കിൽ നിന്ന് ഇക്കുറി നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയവർ. അയൽപക്ക ഗ്രാമങ്ങളിൽ നിന്നും ഏകദേശം ഒരേ കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിറങ്ങിയ മൂവരും ഒരേ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായത് യാദൃച്ഛികമാണെങ്കിലും ഇങ്ങനെയൊരു കൂടിച്ചേരൽ നാട്ടുകാർക്ക് ആദ്യ അനുഭവം.
ആനാട് പഞ്ചായത്തിലെ താമസക്കാരനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആനാട് ജയൻ സ്വന്തം മണ്ഡലമായ വാമനപുരത്താണ് മത്സരിക്കുന്നത്. തൊട്ടടുത്ത തൊളിക്കോട് പഞ്ചായത്തിലെ താമസക്കാരൻ ബി.ആർ.എം. ഷെരീഫ് വർക്കല മണ്ഡലത്തിലും അതിനടുത്തുള്ള വിതുര പഞ്ചായത്തിൽ നിന്നുള്ള പി.എസ്. പ്രശാന്ത് നെടുമങ്ങാട് മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. പ്രശാന്തും ഷെരീഫും അരുവിക്കര നിയോജക മണ്ഡലത്തിലുള്ളവരാണ്.
ഇടതുകോട്ടയായിരുന്ന ആനാട് ഗ്രാമ പഞ്ചായത്തിനെ കോൺഗ്രസ് ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡി.സി.സി സെക്രട്ടറി ആനാട് ജയൻ 25 വർഷക്കാലം ഗ്രാമ, ജില്ലാ പഞ്ചായത്തിൽ ജനപ്രതിനിധിയായിരുന്നു.
കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷെരീഫ് ടാപ്പിംഗ് തൊഴിലിൽ നിന്ന് കിട്ടുന്ന കൂലി കൊണ്ടാണ് വിദ്യാഭ്യാസം നേടി വക്കീലായത്. വിതുരയിലെ ചായം എന്ന ഗ്രാമത്തിൽ നിന്ന് അച്ഛന്റെ പാതയിലൂടെ കോൺഗ്രസിലെത്തിയ പി.എസ്. പ്രശാന്ത് കെ.എസ്.യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുവജന ക്ഷേമബോർഡ് വൈസ് ചെയർമാനുമായിരുന്നു.