
ബി.ജെ.പി സസ്പെൻസായി നിറുത്തിയ കഴക്കൂട്ടം മണ്ഡലത്തിലേക്ക് ഒടുവിൽ പോരാട്ടവീര്യത്തോടെ
ശോഭാസുരേന്ദ്രൻ കടന്നുവന്നു.ബി.ജെ.പിയുടെ വനിതാ നേതാക്കളിൽ ഏറ്റവും തീപ്പൊരി പരിവേഷം. ജനപ്രീതിയിലും മുന്നിൽ. ശബരിമല യുവതീപ്രവേശന വിവാദത്തിലും ബി.ജെ.പി സമരമുഖത്ത് ശോഭയുടെ സജീവസാന്നിദ്ധ്യം.കഴക്കൂട്ടത്ത് മത്സരം തീ പാറിക്കുമെന്ന് ശോഭ പറയുന്നു.ബി.ജെ.പിയുടെ പുതിയ സംസ്ഥാന നേതൃത്വം നിലവിൽ വന്നശേഷം പാർട്ടിയുടെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പരിഭവിച്ച് നേതൃത്വത്തോട് ഇടഞ്ഞു. ഇപ്പോൾ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. ജനറൽസെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെയാണ് കോർകമ്മിറ്റിയിൽ നിന്നൊഴിവായത്.ഇതേത്തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക വേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശൂരിൽ നടത്തിയ യോഗത്തിലാണ് ഇടവേളകൾക്ക് ശേഷം ശോഭയുടെ സാന്നിദ്ധ്യമുണ്ടായത്.ശോഭയുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവുമായിരുന്നു സംസ്ഥാന ബി.ജെ.പിക്കകത്ത് സമീപകാലത്തെ ഏറ്റവും വലിയ ചർച്ചാവിഷയം.
ശോഭയുടെ ശോഭ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് മത്സരിച്ച് സി.പി.എമ്മിനെ മറികടന്ന് രണ്ടാമതെത്തി. നാല്പതിനായിരത്തിൽപ്പരം വോട്ടുകൾ നേടി.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ 2.48ലക്ഷം വോട്ടുകൾ അവർ പിടിച്ചെടുത്തു.ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനില്ലെന്നാണ് ശോഭ ആദ്യം പ്രഖ്യാപിച്ചിരുന്നത്.സെക്രട്ടേറിയറ്റ് നടയിൽ ഉദ്യോഗാർത്ഥികൾ നടത്തിയ സമരപ്പന്തലിലെത്തി 48 മണിക്കൂർ ഉപവാസമനുഷ്ഠിച്ച് സമരക്കാർക്ക് അവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച വേളയിൽ സംസ്ഥാന, ജില്ലാ ബി.ജെ.പി നേതൃത്വങ്ങളിൽ നിന്നാരും തിരിഞ്ഞുനോക്കാതിരുന്നതും വലിയ ചർച്ചയായി.ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്ന ദിവസവും, താൻ മത്സരിക്കാനില്ലെന്ന സൂചന നൽകിയ ശോഭ അടുത്ത ദിവസങ്ങളിൽ നിലപാട് മാറ്റി. അഖിലേന്ത്യാ നേതൃത്വത്തിന്റെ അറിവോടെയെന്നാണ് സംസാരം.
കഴക്കൂട്ടത്ത് മത്സരിക്കാനുള്ള സന്നദ്ധത ദേശീയനേതൃത്വം ആരാഞ്ഞത് കൊണ്ടാവാം, താൻ മത്സരിക്കാൻ തയാറെന്ന് അവർ പ്രഖ്യാപിച്ചു.അപ്പോഴും കഴക്കൂട്ടത്തെ സ്ഥാനാർത്ഥിപ്രഖ്യാപനം നീണ്ടുനീണ്ടുപോയി.
ശക്തമായ ത്രികോണ മത്സരം
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തട്ടകത്തിൽ പോരാടാൻ ശോഭകൂടിയെത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി. ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനായിരുന്ന ഡോ.എസ്.എസ്.ലാലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരെ പ്രവർത്തിച്ച ദേവസ്വം മന്ത്രിയോടുള്ള പോരാട്ടമാണ്. ആര് സ്ഥാനാർത്ഥി എന്നതിനല്ല പ്രസക്തി, ആർക്കെതിരെയാണ് മത്സരം എന്നതാണ് പ്രധാനം.
-ശോഭാ സുരേന്ദ്രൻ