
അടിമാലി: ഗൃഹനാഥനെ തലക്കടിച്ച് കൊന്ന് സ്വർണം കവർന്ന കേസിൽ ഒഡീഷ സ്വദേശിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാഴൂരിൽ 20 വർഷമായി വാടകയ്ക്ക് താമസിക്കുന്ന ഒറീസ സ്വദേശിയായ രാജ് കുമാർ (38) നെയാണ് അടിമാലി സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എസ്. ഷാരോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശാഖപട്ടണത്ത് നിന്നും പിടികൂടിയത്. ഈ മാസം ആറിന് രാത്രിയിലായിരുന്നു കൊലപാതകം. ഒറ്റയ്ക്ക് താമസിച്ചിരുന്ന കുരിശുപാറ അറയ്ക്കൽ ഗോപി (65)യാണ് കൊല്ലപ്പെട്ടത്.
ഗോപിയുടെ ഒരു അടുത്ത ബന്ധു വാഴൂരിൽ താമസമുണ്ട്. ഈ ബന്ധുവിനോടൊപ്പം നാല് മാസം മുൻപ് രാജ് കുമാർ മൂന്നാർ സന്ദർശനത്തിന് എത്തിയിരുന്നു. അന്ന് ഇവർ കുരിശുപാറയിൽ ഗോപിയുടെ വീട്ടിലാണ് താമസിച്ചത്. അങ്ങനെ ഗോപിയും രാജ്കുമാറും സുഹൃത്തുക്കളായി. അടുത്തിടെ രാജ് കുമാറിന് പണത്തിന്റെ ആവശ്യം വന്നു. വാഴൂരിൽ ഗോപിയുടെ ബന്ധുവിനോട് ചോദിച്ചെങ്കിലും അവരുടെ കൈവശം പണം ഇല്ലായിരുന്നു. ഗോപിയിൽ നിന്നും പണം വാങ്ങാനായി കുരിശുപാറയിൽ എത്തി. തുടർന്ന് ഗോപിയെ കൊലപ്പെടുത്തി സ്വർണവുമായി വിശാഖപട്ടണത്തേക്ക് പോവുകയായിരുന്നു.
ഗോപിയുടെ വീട്ടിൽ ആറു മാസത്തിനിടെ എത്തിയവരുടെ ലിസ്റ്റ് പൊലീസ് തയാറാക്കി പരിശോധിച്ചു. സംഭവ ദിവസം രാജ് കുമാർ കുരിശുപാറയിൽ ഉണ്ടായിരുന്നതായി ടവർ ലൊക്കേഷൻ ലഭിച്ചു. തുടർന്ന് ഇയാൾ കേരളം വിട്ടതായും കണ്ടെത്തി. ഇങ്ങനെയാണ് രാജ് കുമാറിലേയ്ക്ക് അന്വേഷണം നീണ്ടത്. സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം നാല് ദിവസം മുൻപ് രാജ് കുമാറിനെ കണ്ടെത്താനായി ഒഡീഷയിൽ എത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ വിശാഖപട്ടണത്ത് നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ചൊവാഴ്ച ഉച്ചയോടെ അടിമാലി സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു.