ddd

വിതുര: നാളെ മാർച്ച് 22,​ ലോക ജലദിനം. എന്നാൽ ഈ ദിനത്തിലും വിതുര മേഖലയിലെ ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. വിതുര തൊളിക്കോട് പഞ്ചായത്തുകളിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലുള്ളവർ ആഴ്ചകളായി കുടിനീരിനായി നെട്ടോട്ടമോടുകയാണ്. ഇവിടെ മഴപെയ്തിട്ടു തന്നെ നാളുകളേറെയായി. ഇടയ്ക്ക് കുംഭമാസത്തിൽ രണ്ട് ദിവസം നേരിയ തോതിൽ വേനൽമഴ പെയ്തെങ്കിലും കിണറുകളിൽ ജലനിരപ്പ് ഉയർന്നില്ല. ഒട്ടുമിക്ക ജല സ്രോതസുകളും വറ്റിവരണ്ടു. കിണറുകളിലെ ജലവും കുറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. കാലവർഷം ചതിച്ചതാണ് ഇത്തവണ കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ കല്ലാറിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമായി കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയാണ് പലർക്കും. വാമനപുരം നദിയിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മിക്ക ഭാഗത്തും നദി നിശ്ചലാവസ്ഥയിലാണ്. വാമനപുരം നദിയുടെ ഉദ്ഭവകേന്ദ്രങ്ങളിലും നീരൊഴുക്ക് കുറഞ്ഞു.

ഡാമുകളിലെ അവസ്ഥയും വിഭിന്നമല്ല. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പഞ്ചായത്തുകൾ ആവിഷ്കരിച്ച പദ്ധതികളിൽ ഭൂരിഭാഗവും കടലാസിൽ ഭദ്രമായി ഉറങ്ങുകയാണ്. തൊണ്ട നനയ്ക്കാൻ ടാങ്കർ ലോറികളിലെങ്കിലും അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആദ്യം കുടിനീർ, പിന്നീട് വോട്ട്

ജനം കുടിനീരിനായി പരക്കം പായുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് കടന്നുവന്നിരിക്കുന്നത്.

വോട്ട് അഭ്യർത്ഥിച്ചെത്തുന്ന സ്ഥാനാർത്ഥികൾക്ക് മുന്നിൽ ജലക്ഷാമത്തെക്കുറിച്ചാണ് വോട്ടർമാർ കൂടുതലായും പറയുന്നത്. ജയിപ്പിച്ചാൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നാണ് മിക്ക സ്ഥാനാർത്ഥികളുടെയും വാഗ്ദാനം. പക്ഷേ വോട്ടർമാർ ഇത് ചെവിക്കാള്ളുന്നില്ല. വോട്ട് നൽകി വിജയിപ്പിച്ച മെമ്പർമാർ വരെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം സർക്കാരിന്റെ സൗജന്യ കുടിവെള്ള വിതരണ പദ്ധതി പുരോഗമിക്കുകയാണ്. ചില മേഖലകളിൽ പൈപ്പ് വെള്ളം എത്തിത്തുടങ്ങി. പൈപ്പ് ലൈൻ കടന്നു വരാത്ത മേഖലകളിൽ പദ്ധതി ഇനിയും നടപ്പിലായിട്ടില്ല.

എങ്ങുമെത്താത്ത പദ്ധതി

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി എട്ട് വർഷം മുൻപ് ആവിഷ്കരിച്ച തൊളിക്കോട് - വിതുര കുടിവെള്ള പദ്ധതി ഇനിയും പൂർത്തീകരിച്ചിട്ടില്ല. കുടിവെള്ളം കിട്ടാക്കനിയായതോടെ നദികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. നദികളിലെ നീരൊഴുക്ക് അനുദിനം കുറയുന്നത് ജനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുടിവെള്ളം ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നിർമ്മിച്ച കുളങ്ങളും വറ്റി.

ഇവിടെ കുടിവെള്ള പ്രശ്നം രൂക്ഷം

 വിതുര പഞ്ചായത്ത്

പോറ്റിക്കുന്ന്

പട്ടൻകുളിച്ചപാറ

മേമല

പടിപ്പോട്ടു പാറ

പൊടിയക്കാല

പൊന്നാം ചുണ്ട്

തൊളിക്കോട് പഞ്ചായത്ത്

ആനപ്പെട്ടി

ഉണ്ടപ്പാറ

തേക്കും മൂട്

പച്ചമല

പരപ്പാറ

കന്നുകാലിവനം