
''നാൻ വന്തിട്ടേന്നു ശൊല്ല്.തിരുമ്പി വന്തിട്ടേന്ന്. 25 വർഷത്തുക്ക് മുന്നാടി എപ്പടി പോനാലോ കബാലി അപ്പടിയേ തിരുമ്പി വന്തിട്ടേന്ന് ശൊല്ല്.''ഇപ്പോൾ 'കബാലി'യിലെ ഈ പഞ്ച് ഡയലോഗ് തമിഴ്നാട് മുഴുവൻ മുഴങ്ങേണ്ടതായിരുന്നു. 2021 രജനികാന്തിന്റെ രാഷ്ട്രീയ തേരോട്ട വർഷം ആകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പക്ഷേ, എല്ലാ ആവേശവും ഊതിക്കെടുത്തി തലൈവർ തല കുമ്പിട്ട് പിൻവാങ്ങി.രജനികാന്തിന്റെ പിന്തുണയ്ക്കാണ് ഡി.എം.കെ ഒഴികെയുള്ള പ്രമുഖ പാർട്ടികളെല്ലാം ശ്രമിക്കുന്നത്. കമലഹാസനും ബി.ജെ.പിയും പ്രത്യേകിച്ചും.ആരാധക സംഘങ്ങളെ ഉണർത്തുംവിധം ഏതെങ്കിലും പാർട്ടിയെ അദ്ദേഹം പിന്തുണച്ചാൽ തമിഴ്നാടിന്റെ വിധിയെ സ്വാധീനിക്കുമെന്നുറപ്പാണ്.സിനിമയിലെ നായകന് ജയിലിൽ 25 വർഷം കിടന്ന് തിരിച്ചെത്തി ഡയലോഗടിച്ച് കാണികളുടെ കൈയടി നേടാം. സിനിമയല്ല രാഷ്ട്രീയം. അവിടെ കാൽ നൂറ്റാണ്ട് വലിയ കാലമാണ്. പ്രായവും ആരോഗ്യവും പ്രധാനമാണ്. 1996ലെ വികാരം 2021ൽ സൃഷ്ടിക്കാനാവില്ലെന്ന് രണ്ടാംവട്ടവും തിരിച്ചറിഞ്ഞായിരിക്കണം രജനികാന്ത് പിൻവാങ്ങിയത്. അനാരോഗ്യവുമായി രാഷ്ട്രീയത്തിലിറങ്ങിയാൽ പ്രാണൻ വച്ചുളള കളിയാകും. ഫലം പ്രതികൂലമായാൽ അത് കൂടുതൽ ദോഷമാവും. അതിനാലാണ് സൂപ്പർസ്റ്റാർ മാപ്പപേക്ഷിച്ച് പിൻവാങ്ങിയത്.
2017ലാണ് രാഷ്ട്രീയപാർട്ടി രൂപീകരണ തീരുമാനം അറിയിച്ച് രജനികാന്ത് മറ്റ് പാർട്ടികൾക്ക് പേടിസ്വപ്നമായത്. പിന്നെ നീണ്ട നിശബ്ദത. കൊവിഡ് കാരണം ആദ്യം പിൻമാറുമെന്നറിയിച്ചു. ആരാധകരുടെ തലൈവാ വാ... മുറവിളിയിൽ പാർട്ടി പ്രഖ്യാപനത്തിന് മുഹൂർത്തം കുറിക്കുന്നു. പാർട്ടി പേര്, ചിഹ്നം ഒക്കെ റെഡി. ഒടുവിൽ എല്ലാം വച്ചവസാനിപ്പിക്കുന്നു.
തമിഴക രാഷ്ട്രീയത്തിൽ രജനികാന്തിന് വിശാലമായ സ്ഥലം ഉണ്ടായിരുന്നു. ഇപ്പോഴല്ല 1996ൽ. അന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ മറ്റൊരു എൻ.ടി.ആറോ എം.ജി.ആറോ ആകുമായിരുന്നു.
അന്ന് എ. ഡി.എം.കെ. നേതാവും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്‌ക്കെതിരെ തമിഴകത്തുയർന്ന ജനരോഷം ആളിക്കത്തിച്ച് മുന്നിൽ നിന്നു കൊടുത്താൽ മാത്രം മതിയായിരുന്നു. ജനം തോളിലേറ്റി മുഖ്യമന്ത്രിക്കസേരയിൽ കൊണ്ടിരുത്തിയേനെ. പക്ഷേ, ജയലളിതയ്ക്കെതിരെ രജനി പറഞ്ഞ വാക്കുകൾ ഗുണമായത് ഡി.എം.കെ- ടി.എം.സി സഖ്യത്തിന്. സീറ്റ് തൂത്തുവാരി കരുണാനിധി മുഖ്യമന്ത്രിയുമായി.കോൺഗ്രസിൽ നിന്നു തെറ്റിപ്പിരിഞ്ഞ് തമിഴ് മാനില കോൺഗ്രസിന് രൂപം നൽകിയ ജി.കെ. മൂപ്പനാരാണ് അന്ന് 46 കാരനായ രജനിയെ രാഷ്ട്രീയത്തിലെത്തിക്കാൻ ആഞ്ഞ് ശ്രമിച്ചത്. 1982 മാർച്ച് 29ന് തെലുങ്ക് ദേശം പാർട്ടിക്ക് രൂപം നൽകി 1983 ജനവരി ഒമ്പതിന് ആന്ധ്രയുടെ മുഖ്യമന്ത്രിയായ എൻ.ടി. രാമറാവു ആയിരുന്നു മൂപ്പനാരുടെ മനസിൽ.
1996ൽ എൻ.ടി.ആർ അന്തരിച്ചു. അപ്പോഴുണ്ടാകുമായിരുന്നു മറ്റൊരു സൂപ്പർതാരത്തിന്റെ രാഷ്ട്രീയ ഉദയം. പക്ഷേ, അന്നുമുതൽ കാത്തിരുന്നു, തമിഴകം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിന്. അതിനുശേഷം വിജയകാന്ത്, ശരത്‌കുമാർ, സീമാൻ തുടങ്ങിയ അഭിനേതാക്കൾ രാഷ്ട്രീയത്തിലെത്തി. വിജയകാന്തിനു മാത്രമാണ് ചെറിയ ചലനമെങ്കിലും ഉണ്ടാക്കാനായത്. ജയലളിതയ്ക്ക് ഭരണത്തുടർച്ചയുണ്ടായ ശേഷം അവർ അന്തരിച്ചു. താരാരാധനയുള്ള തമിഴകം അടുത്ത നേതാവായി കണ്ടത് സ്റ്റാലിനെയായിരുന്നു. കുടുംബവാഴ്ച എന്ന കരിനിഴൽ പേറുന്ന സ്റ്റാലിനിലേക്ക് ശ്രദ്ധ പോയത് മറ്റൊരാൾ ഇല്ലാത്തതുകൊണ്ടു തന്നെയായിരുന്നു.