gopal

തിരുവനന്തപുരം: കേരളത്തിൽ മുമ്പ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ലീഗ്-ബി.ജെ.പി സഖ്യമുണ്ടായിട്ടുണ്ടെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എയുടെ വെളിപ്പെടുത്തൽ.

ബി.ജെ.പി നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും, ഇത് പാർട്ടിക്ക് നേട്ടമുണ്ടാക്കിയെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ രാജഗോപാൽ തുറന്നുപറഞ്ഞു. നേമത്ത് കെ. മുരളീധരൻ ശക്തനായ സ്ഥാനാർത്ഥിയാണെന്ന അഭിപ്രായപ്രകടനത്തിന് ശേഷമുള്ള

ഈ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.

വടക്കൻ കേരളത്തിലാണ് പ്രാദേശിക തലത്തിലുള്ള സഖ്യം പ്രധാനമായും ഉണ്ടായിരുന്നതെന്ന് രാജഗോപാൽ പറഞ്ഞു. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ടുകൾ കൂടാൻ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരത്തിൽ ചില ഒത്തുതീർപ്പുകൾ വേണ്ടി വരും. അഡ്ജസ്റ്റുമെന്റ് നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട് പറയേണ്ടതില്ല. എന്നാൽ, എൽ.ഡി.എഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണ്. സി.പി.എമ്മുമായി ബി.ജെ.പി ഇടപാടുണ്ടാക്കിയെന്ന ആരോപണം ശരിയല്ല. ബാലശങ്കർ ആരോ പറയുന്നത് ഏറ്റുപറയുകയാണ്. കഴിഞ്ഞതവണ താൻ ജയിച്ച നേമത്ത് കെ. മുരളീധരൻ ശക്തനായ സ്ഥാനാർത്ഥിയാണ്. കരുണാകരന്റെ മകനായ മുരളീധരന് ജനങ്ങളുടെ വലിയ അംഗീകാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.