തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട വിജയമോഹിനി മിൽ 31ന് വീണ്ടും തുറക്കുമെന്ന് ജീവനക്കാർക്ക് മാനേജ്മെന്റിന്റെ ഉറപ്പ്. മൂന്ന് ഷിഫ്റ്റായി പ്രവർത്തനം ആരംഭിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചത്. ഒരു വർഷക്കാലമായി അടഞ്ഞുകിടക്കുന്ന മില്ലിന്റെ ആദ്യഘട്ട അറ്റകുറ്റപ്പണി 22ന് തുടങ്ങും. തീരുമാനം എത്തിയതോടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ 203 ദിവസമായി മിൽ നടയിൽ നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. സമാപന സമ്മേളനം ഐ.ൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ട്രിവാൻഡ്രം ടെക്സ്റ്റൈൽസ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എ.കെ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി, ആർ.പി. ശിവജി, പുന്നയ്ക്കാമുഗൾ വാർഡ് കൗൺസിലർ പി.വി. മഞ്ജു, ബി.എം.എസ് ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ, സി.ഐ.ടി.യു ചാല ഏരിയാ സെക്രട്ടറി എൻ. സുന്ദരൻപിള്ള, ട്രിവാൻഡ്രം ടെക്സ്റ്റൈൽസ് വർക്കേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് കെ.സി. കൃഷ്ണൻ കുട്ടി, സി.ഐ.ടി.യു സെക്രട്ടറി എം.ടി. ആന്റണി തുടങ്ങിയവർ സംസാരിച്ചു.