pension

തിരുവനന്തപുരം: ക്ഷേമ പെൻഷൻ 1,600 രൂപയായി ഉയർത്തിയത് തിരഞ്ഞെടുപ്പിൽ സർക്കാരിന്റെ നേട്ടമായി എൽ.ഡി.എഫ് ചിത്രീകരിക്കുമ്പോൾ, തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്ഷേമ പെൻഷന്റെ കണക്കു കൂടി പ്രചാരണത്തിൽ നിരത്താൻ ബി.ജെ.പിയും. പെൻഷൻ നൽകുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ മാത്രം നേട്ടമായി ചിത്രീകരിക്കുന്നതിനെ മറികടക്കുകയാണ് ലക്ഷ്യമെന്ന് പ്രമുഖ ബി.ജെ.പി നേതാവ് പറഞ്ഞു.

മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ 49 ലക്ഷം പേർക്ക് ക്ഷേമ പെൻഷനായി പ്രതിമാസം 1,600 രൂപ വീതം നൽകുമ്പോൾ, ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ രണ്ടരക്കോടി ജനങ്ങളിൽ 29.08 ലക്ഷം പേർക്ക് 2250 രൂപ വീതം പെൻഷനായി നൽകുന്നുണ്ട്. രണ്ട് ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള, 60 വയസ് കഴിഞ്ഞ 17.48 ലക്ഷം പേർക്കും വിധവകളും അനാഥകളുമായ 7.57 ലക്ഷം പേർക്കും വികലാംഗരായ 1.75 ലക്ഷം പേർക്കും ഉൾപ്പെടെയാണിത്.