vvpat

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലിക്ക് പേഴ്സണൽ സെക്യുരിറ്റി ഓഫീസർമാരെ നിയോഗിക്കാൻ തീരുമാനം. സെക്യുരിറ്റി ചുമതലയിലും ജോലിക്രമീകരണ വ്യവസ്ഥയിലും ജോലിചെയ്യുന്ന പൊലീസുകാരെയാണ് നിയമിക്കുക. ഇതിനായി ഉദ്യോഗസ്ഥരെ ഈ സ്ഥാനങ്ങളിൽ നിന്നും പിൻവലിക്കാൻ നിർദ്ദേശം നൽകി. എന്നാൽ മനപ്പൂർവ്വം തിരഞ്ഞെടുപ്പ് ജോലിയിൽ നിന്ന് പിൻമാറാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും അവരെ വിടുതൽ ചെയ്യാത്ത ഓഫീസർമാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ സുരക്ഷാജോലിക്കായി കേന്ദ്രസേന, സ്‌പെഷ്യൽ പൊലീസ് ഓഫീസർമാർ എന്നിവരെ കൂടാതെ നാൽപ്പത്തിയാറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ വേണ്ടി വരുമെന്നതിനാലാണ് കർശന നടപടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലും ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം നാൽപ്പതിനായിരമായി വർദ്ധിപ്പിച്ചതിനാലും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കാൻ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ഹൈക്കോടതി ജഡ്ജിമാർ, സുരക്ഷാഭീഷണി നേരിടുന്നതായി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുള്ള വ്യക്തികൾ എന്നിവർക്ക് ഒഴികെ ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ഓഫീസർമാർ, ഗാർഡുമാർ, ഡ്രൈവർമാർ എന്നിവരെ താത്കാലികമായി പിൻവലിച്ചു. ഇവരെ ഏപ്രിൽ രണ്ടു മുതൽ ഏഴ് വരെ തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കാൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശം നൽകി.