
കല്ലറ:ജാതിയുടെയും മതത്തിന്റെയും പേരിൽ ഭരണകൂടംതന്നെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാഴ്ചയാണ് മോദി ഭരണത്തിൻ കീഴിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വാമനപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റുകൾക്കു വേണ്ടി മോദി ഭരണകൂടം ഉണ്ടാക്കിയ കാർഷിക നിയമങ്ങൾ ദ്രോഹകരമാണെന്ന് തെളിവുകൾ നിരത്തി ബോദ്ധ്യപ്പെടുത്തിയിട്ടും കർഷകർ സമരങ്ങൾ നടത്തിയിട്ടും പിന്നോട്ടുപോകാൻ തയ്യാറാകുന്നില്ല. ഇതേ അവസരത്തിൽ തന്നെ കേരളത്തിൽ പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണന്നും സുധീരൻ കൂട്ടിച്ചേർത്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ അഡ്വ:കല്ലറ അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി, കരകുളം കൃഷ്ണ പിള്ള, ഇ.ഷംസുദ്ദീൻ, ആനക്കുഴി ഷാനവാസ്, ജി.പുരുഷോത്തമൻ നായർ, സ്ഥാനാർത്ഥി ആനാട് ജയൻ, ആർ.എം. പരമേശ്വരൻ, എ. ഇബ്രാഹിം കുട്ടി എന്നിവർ പങ്കെടുത്തു.