
തിരുവനന്തപുരം: കേരള ഐ.ടി പാർക്ക്സിന്റെ പുതിയ സി.ഇ.ഒ ആയി ജോൺ .എം. തോമസ് ചുമതലയേറ്റു. ശശി പിലാചേരി മീത്തൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്.
അറ്റ്ലാന്റയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റംസ് ഓപ്പറേഷൻസ്, ഫിനാൻസ് എന്നിവയിൽ എം.ബി.എ നേടിയ ജോൺ യു.എസ്.എയിലെ ഇക്വിഫാക്സ് ഇങ്ക് അറ്റ്ലാന്റയിൽ ക്ലൗഡ് ഡാറ്റ മൈഗ്രേഷൻ ലീഡറായി പ്രവർത്തിക്കുകയായിരുന്നു.
ആഗോളതലത്തിൽ ഐ.ടി മേഖലയിൽ പുതിയ ബിസിനസ് മോഡലുകൾ വികസിക്കുകയാണെന്നും കേരളത്തിന്റെ ഐ.ടി ബിസിനസ് നല്ല പ്രവണതയാണ് കാണിക്കുന്നതെന്നും സ്ഥാനമേറ്റതിന് ശേഷം ജോൺ.എം.തോമസ് പറഞ്ഞു. ഐ.ടി മേഖലയിൽ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യകളിൽ മാനവ വിഭവ ശേഷി പ്രാപ്തമാക്കുന്നതിലും ശ്രദ്ധവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ സി.ഇ.ഒ ശശി പിലാചേരി മീത്തലിന് ഐ.ടി പാർക്കിലെ ജീവനക്കാർ ഊഷ്മളമായ യാത്രയയപ്പ് നൽകി.