
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ ലഭിച്ചത് 222 പത്രികകൾ. നാലു ദിവസങ്ങളിലായി മൊത്തം ലഭിച്ച പത്രികകൾ 417 ആയി. ഇന്നലെയാണ് ഏറ്റവും കൂടുതൽ പത്രികൾ ലഭിച്ചത്. ഇനി രണ്ടുനാളാണ് ശേഷിക്കുന്നത്. നാളെ സമർപ്പണം പൂർത്തിയാകും.
ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കോന്നിയിലും മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ എലത്തൂരിലും ടി.പി.രാമകൃഷ്ണൻ പേരാമ്പ്രയിലും എം.എം. മണി ഉടുമ്പൻചോലയിലും കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്തും എ.സി. മൊയ്തീൻ കുന്നംകുളത്തും ഡെപ്യൂട്ടി സ്പീക്കർ വി.ശശി ചിറയിൻകീഴിലും പത്രിക നൽകി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുന്ന ഇടതുസ്ഥാനാർത്ഥി ജെയ്‌ക്ക് തോമസ്, നേമത്ത് ഇടതുസ്ഥാനാർത്ഥി വി.ശിവൻകുട്ടി, ബി.ജെ.പി. മുൻ സംസ്ഥാന അദ്ധ്യക്ഷനും മുൻമിസോറം ഗവർണറുമായ കുമ്മനം രാജശേഖരൻ, മുൻമന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയിലും ഷിബു ബേബിജോൺ ചവറയിലും കെ. രാധാകൃഷ്ണൻ ചേലക്കരയിലും കെ.പി.മോഹനൻ കൂത്തുപറമ്പിലും പത്രിക നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവ് മുഹമ്മദ് റിയാസ് ബേപ്പൂരിലും പത്രിക നൽകി.
കുഞ്ഞാലിക്കുട്ടിക്ക് 5.49 കോടിയുടെ സ്വത്ത്
വേങ്ങരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കും കുടുംബത്തിനും 5.49 കോടിയുടെ സ്വത്ത്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങളുള്ളത്. വിവിധ ബാങ്കുകളിലായി കുഞ്ഞാലിക്കുട്ടിക്ക് 34,01,352 രൂപയും ഭാര്യയുടെ പേരിൽ 2,64,88,128 രൂപയുടെയും നിക്ഷേപമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കൈവശം 1,35,000 രൂപയാണുള്ളത്. 15.20 ഏക്കർ കൃഷിഭൂമിയും രണ്ട് വാണിജ്യ കെട്ടിടങ്ങളും കാരാത്തോട്ടെ വീടും അടക്കം 2,20,15,000 രൂപയുടെ സ്ഥാവര ആസ്തി കുഞ്ഞാലിക്കുട്ടിക്കുണ്ട്. ലോണുകളൊന്നുമില്ല. ഭാര്യയ്ക്ക് 30 ലക്ഷം രൂപയുടെ സ്ഥാവര ആസ്തിയുണ്ട്.