തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്രവും ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായ നേമത്ത് മൂന്നു സ്ഥാനാർത്ഥികളും പ്രചാരണം ഊർജസ്വലമാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വൈകിയെത്തിയതിന്റെ നഷ്ടം നികത്താനുള്ള അതിവേഗ ഓട്ടത്തിലാണ്. തിരക്കുപിടിച്ച പാർട്ടിയോഗങ്ങൾക്ക് ശേഷം വൈകിട്ട് അഞ്ചിന് ആറ്രുകാൽ ക്ഷേത്രപരിസരത്തായിരുന്നു പ്രചാരണത്തിന്റെ തുടക്കം. എം.എസ്.കെ നഗറിലും കോളനികളിലുമുള്ള സന്ദർശനമായിരുന്നു പ്രധാനം. അതോടൊപ്പം കടകളിലും അദ്ദേഹം വോട്ടുതേടിയെത്തി. തുടർന്ന് കൊഞ്ചിറവിള, കാലടി, കുളത്തറ, മരുതൂർകടവ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു മുരളീധരന്റെ പര്യടനം. ജി.വി. ഹരി, ദേവരാജൻ, കൈമനം പ്രഭാകരൻ തുടങ്ങിയവ‌ർ സ്ഥാനാർത്ഥിയുടെ കൂടെയുണ്ടായിരുന്നു.

രാവിലെ മുതൽ കളത്തിലിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ അഭിവാദ്യം ചെയ്‌താണ് പ്രചാരണം തുടങ്ങിയത്. തുടർന്ന് നോമിനേഷൻ നൽകാൻ പോയി. പൂജപ്പുരയിൽ സമരം ചെയ്യുന്ന വിജയമോഹിനി മിൽ ജീവനക്കാരെ കണ്ടായിരുന്നു തുടർന്നുള്ള പ്രചാരണത്തിന്റെ തുടക്കം. ആറ്റുകാൽ മുത്താരമ്മൻ കോവിലിലെ പൊങ്കാലയിലും പങ്കെടുത്തു. മേലാങ്കോട് മുതൽ വണ്ടിത്തടം വരെയുള്ള കടകളിൽ കയറി വോട്ടഭ്യർത്ഥിച്ചു. ഇന്നലെ നടന്ന എൽ.ഡി.എഫിന്റെ എട്ട് മേഖലാ കൺവെൻഷനുകളിൽ ആറെണ്ണത്തിലും അദ്ദേഹം പങ്കെടുത്തു. പുന്നയ്ക്കാമുകൾ, തിരുമല, പൂജപ്പുര, മുടവൻമുകൾ, പാപ്പനംകോട്, തിരുവല്ലം എന്നീ കൺവെൻഷനുകളിലാണ് ശിവൻകുട്ടി പങ്കെടുത്തത്.

ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും രാവിലെ ഏഴരയ്ക്ക് തന്നെ പ്രചാരണം തുടങ്ങി. പൂങ്കുളം വാർഡിലെ ആയിര കോളനിയിലായിരുന്നു ആദ്യ സന്ദർശനം. കുമ്മനത്തിന്റെ പ്രഭാത ഭക്ഷണവും ഇവിടെയായിരുന്നു. തുടർന്ന് വെള്ളാർ വാർഡിലെ വാഴമുട്ടം ബൂത്തിലെ വീടുകളിലും സന്ദർശനം നടത്തി. ഫിഷർമെൻ കോളനിയിൽ കുമ്മനത്തിന് സ്വീകരണം നൽകി. തുടർന്ന് പാച്ചല്ലൂർ, കോളിയൂർ ജംഗ്ഷനിലും കടകളിലും വീടുകളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. കോളിയൂർ സി.എസ്.ഐ പള്ളിയും സന്ദർശിച്ചു. വൈകിട്ട് തിരുവല്ലം മംഗല്യ ഓ‌ഡിറ്രോറിയത്തിലെ പുഞ്ചക്കരി വാർഡിലെ വനിതാ സംഗമത്തിലും എൻ.എസ് എസ് കരയോഗം ഹാളിലെ എസ്റ്രേറ്ര് വാർഡ് വനിതാ സംഗമത്തിലും മേലാങ്കോട്, മുടവൻമുകൾ വനിതാ സംഗമങ്ങളിലും പങ്കെടുത്തു. വൈകിട്ട് കരമന ജംഗ്ഷനിൽ വോട്ടഭർത്ഥിച്ചെത്തി.