
തൃശൂർ: മയക്കുമരുന്നായ എം.ഡി.എം.എയും എൽ.എസ്.ഡിയും കൈവശം വച്ച കേസിലെ പ്രതിയായ തൃശൂർ കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി ഷാമൻസിലിൽ ഷാഫി (28) യുടെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാർ തള്ളി. 2021 ഫെബ്രുവരി ആറിന് രാത്രി ഏഴിന് കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ എം.ജി റോഡിൽ വച്ചാണ് തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് പ്രതിയെ പിടികൂടിയത്.
2.20 ഗ്രാം എം.ഡി.എം.എയും, 0.0145 എൽ.എസ്.ഡിയും പ്രതിയിൽ നിന്നും കണ്ടെടുത്തിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സമാനകുറ്റകൃത്യങ്ങളിൽ സ്ഥിരം പങ്കാളിയാണെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ കൈവശത്തിൽ നിന്നും പിടിച്ചെടുത്തത് വ്യാവസായിക അടിസ്ഥാനത്തിലെ അളവിലുള്ള മയക്കുമരുന്നാണെന്നും വിൽപ്പനയ്ക്കു വേണ്ടിയാണ് പ്രതി കൈവശം വെച്ചതെന്നും മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായ പ്രതിക്ക് ജാമ്യം കൊടുക്കുന്നപക്ഷം വീണ്ടും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. പ്രതി ഫെബ്രുവരി ആറ് മുതൽ ജയിലിലാണ്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.