anandhan

തൃശൂർ: ഒരു മാസത്തിനിടെ രണ്ട് സ്ത്രീകളുടെ മാല ബൈക്കിൽ വന്ന് കവർച്ച നടത്തിയതിന് ബാങ്ക് ജീവനക്കാരനെ പൊലീസ് പിടികൂടി. അരിമ്പൂർ സ്വദേശി കൊള്ളന്നൂർ ആനന്ദനെയാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ കീഴിലുള്ള ഷാഡോ പൊലീസും തൃശൂർ ടൗൺ ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. തിരുവമ്പാടി അമ്പലത്തിന് സമീപത്തുകൂടി നടന്നു പോകുകയായിരുന്ന വെട്ടുകാട് മാപ്പാണൻ ലതയുടെ രണ്ടര പവന്റെ മാലയും തൃശൂർ നന്ദം അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ലക്ഷ്മി പ്രസാദിന്റെ മൂന്ന് പവന്റെ മാലയുമാണ് ബൈക്കിലും സ്‌കൂട്ടറിലുമായി വന്ന് കവർച്ച നടത്തിയത്.

ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് തവണയായി വന്നത് ബൈക്കിലും സ്‌കൂട്ടറിലുമാണെങ്കിലും ഹാൻഡിലിൽ ഒരു സഞ്ചി ഉണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചു. കൂടാതെ 20 ദിവസത്തിനിടയ്ക്ക് തിരുവമ്പാടി അമ്പലത്തിനു സമീപം വച്ച് രണ്ടുതവണ കവർച്ച നടത്തിയ വ്യക്തി വീണ്ടും കവർച്ച നടത്തുമെന്ന ധാരണയിൽ ഇടവഴികളിൽ പൊലീസ് കാവലുണ്ടായിരുന്നു. തുടർന്നാണ് ഇന്നലെ ബൈക്കിൽ സഞ്ചിയുമായി വരികയായിരുന്ന പ്രതിയെ പിന്തുടർന്ന് പൂങ്കുന്നം മൂന്നുകുറ്റിക്ക് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തത്. മൂന്നാമതും കവർച്ച നടത്താനാണ് വന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സഞ്ചിയിൽ കത്തിയും നമ്പർ പ്‌ളേറ്റുകളും കണ്ടെത്തി. അന്വേഷണ സംഘത്തിൽ തൃശൂർ സിറ്റി ഡി.സി.ആർ.ബി എ.സി.പി: ബിജോ അലക്‌സാണ്ടർ, ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ: ഐ. ഫിറോസ്, എസ്.ഐമാരായ എസ്. അൻഷാദ്, എസ്. സിനോജ്, ഷാഡോ പൊലീസ് എസ്.ഐമാരായ ഗ്ലാഡ്സ്റ്റൻ, രാജൻ, സുവൃതകുമാർ, റാഫി, ഗോപാലകൃഷ്ണൻ, രാകേഷ്, എ.എസ്.ഐ: ഗോപിനാഥൻ, എസ്.സി.പി.ഒ: പഴനി സ്വാമി, ജീവൻ, ലികേഷ്, വിപിൻ എന്നിവരും ഉണ്ടായിരുന്നു.