മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെയും ഭാര്യയുടെയും സ്വത്ത് വിവരങ്ങൾ എൽദോ എബ്രഹാം നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിച്ചു. എൽദോ എബ്രഹാമിനോ ഭാര്യ ഡോ.ആഗി മേരി അഗസ്റ്റിനോ സ്വന്തമായി സ്ഥലമോ വീടോ ഇല്ല. ആകെ പണമായി രണ്ടു പേരുടേയും പക്കലുള്ളത് പതിനായിരം രൂപ വീതം മാത്രം. എൽദോ എബ്രഹാമിന് വാഹനമുൾപ്പെടെ 6,54,466 രൂപയുടേയും ഭാര്യ ആഗിക്ക് സ്വർണമുൾപ്പെടെ 4,14,647 രൂപയുടേയും സമ്പാദ്യമാണ് ആകെയുള്ളത്. എൽദോയുടെ അച്ഛൻ എം.പി.അബ്രഹാമിന് മുളവൂർ വില്ലേജിൽ 9 സെന്റ് ഭൂമിയും 600 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുമുണ്ട്. പാരമ്പര്യസ്വത്താണിത്. ഇവയ്ക്കാകെ 12 ലക്ഷം രൂപ വിലവരും. എൽദോക്ക് സ്വന്തമായി 6 ലക്ഷം രൂപ വിലവരുന്ന മാരുതി ബ്രീസ് കാറും 15,000 രൂപ വിലമതിക്കുന്ന 2011 മോഡൽ ആക്ടീവ സ്‌കൂട്ടറും ഉണ്ട്. ഭാര്യ ആഗിക്ക് 2.5 ലക്ഷം വില മതിക്കുന്ന മാരുതി ആൾട്ടോ കാറും 25000 രൂപ വിലവരുന്ന 2016 മോഡൽ ആക്ടീവ സ്‌കൂട്ടറും 1.2 ലക്ഷം രൂപ വിലമതിക്കുന്ന 32 ഗ്രാം സ്വർണവുമുണ്ട്. രണ്ട് ബാങ്കുകളിലായി എൽദോ എബ്രഹാമിന് 4.40ലക്ഷം രൂപയും ഭാര്യ ആഗിയ്ക്ക് 1.85ലക്ഷം രൂപയും കടബാദ്ധ്യതയുണ്ട്. പെരുമ്പാവൂർ എസ്.ബി.ഐ.യിൽ 2782 രൂപയും തൃക്കളത്തൂർ സർവീസ് സഹകരണബാങ്കിൽ 10808 രൂപയും മൂവാറ്റുപുഴ യൂണിയൻ ബാങ്കിൽ 6149 രൂപയും മൂവാറ്റുപുഴ അർബൻ ബാങ്കിൽ 321 രൂപയും ഗവൺമെന്റ് ട്രഷറിയിൽ 2356 രൂപയുമാണ് എൽദോയ്ക്കുള്ളത്. തൃക്കളത്തൂർ സഹകരണ ബാങ്കിൽ 7000 രൂപയുടേയും പായിപ്ര അഗ്രികൾച്ചർ റൂറൽ സൊസൈറ്റിയിൽ 50 രൂപയുടേയും ബോണ്ടുമുണ്ട്. ഭാര്യ ആഗിക്ക് കല്ലൂർക്കാട് യൂണിയൻ ബാങ്കിൽ 9647 രൂപയാണ് നിക്ഷേപമായുള്ളത്.