തിരുവനന്തപുരം:നാലാഞ്ചിറ മാർ ഇവാനിയസ് കോളേജിന് മുന്നിൽ കെ.എസ്.യു,​ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ കൈയാങ്കളി. ഇന്നലെ രാത്രി 11.15നാണ് സംഭവം. തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ചുവരെഴുത്തിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ ആർക്കും പരിക്കില്ലെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു. പട്രോളിംഗിന് ഉണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിടാൻ നോക്കിയെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. വിവരമറിഞ്ഞ് കൂടുതൽ പ്രവർത്തകർ സംഭവ സ്ഥലത്തെത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മണ്ണന്തല പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയാണ് പ്രവർത്തകരെ മാറ്റിയത്. കോളേജിന് മുന്നിൽ എസ്.എഫ്.ഐ സ്ഥാപിച്ചിരുന്ന കൊടിമരം കെ.എസ്.യു പ്രവർത്തകർ നശിപ്പിച്ചെന്നും കെ.എസ്.യു പ്രവർത്തകർ സ്ഥാപിച്ചിരുന്ന കൊടിമരം എസ്.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചെന്നും ഇരുവിഭാഗവും ആരോപിച്ചു.തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. സ്ഥലത്ത് കൂടുതൽ പൊലീസ് കാവൽ ഏർപ്പെടുത്തി.