
പഴയങ്ങാടി: കല്യാശേരി നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയതെല്ലാം യുവതലമുറയിൽപെട്ടവർ. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ബ്രിജേഷ് കുമാർ കടന്നപ്പള്ളി സ്വദേശിയാണ്.എം.സി.എൽ.എൽ.ബി ബിരുദധാരിയാണ്. കെ.എസ്.യുവിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് വന്നു. പയ്യന്നൂർ കോളേജിൽ യൂണിയൻ ചെയർമാനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ബ്രിജേഷ് യൂത്ത് കോൺഗ്രസിൽ സംസ്ഥാന ജനറൽ സെക്രട്ടറി, കണ്ണൂർ യൂണിവേഴ്‌സിറ്റി കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇദ്ദേഹം നിലവിൽ ഡി.സി.സി സെക്രട്ടറിയും പയ്യന്നൂർ കോടതിയിലെ അഭിഭാഷകനുമാണ്. 42 വയസുള്ള ബ്രിജേഷ് കുമാറിന്റെ ഭാര്യ ചിത്ര(അദ്ധ്യാപിക), മക്കൾ: ദേവവ്രത, റിതുപർണ.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം എം. വിജിനാണ്. ബാലസംഘത്തിലൂടെയാണ് വിജിൻ സംഘടനാരംഗത്ത് സജീവമാകുന്നത്. എടാട്ട് നൊടിച്ചേരിയിലെ ബാലസംഘം യൂണിറ്റ് സെക്രട്ടറിയായ വിജിൻ തന്റേതായ നേതൃപാടവത്തിലൂടെ ബാലസംഘം വില്ലേജ് സെക്രട്ടറി, മാടായി ഏരിയാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി, കണ്ണൂർ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എം.എ ബിരുദധാരികൂടിയായ വിജിൻ പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാനായിരുന്നു. കുട്ടിക്കാലം മുതൽ തുടങ്ങിയ പൊതുപ്രവർത്തന പരിചയമാണ് വിജിന്റെ മുതൽക്കൂട്ട്. കേരളത്തിന്റെ പുരോഗമന വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് നിന്നുമാണ് വിജിൻ കല്ല്യാശ്ശേരിയുടെ സാരഥിയാകാൻ എത്തുന്നത്. നിലവിൽ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമാണ്. 31 വയസുള്ള വിജിന്റെ ഭാര്യ അശ്വതി സായ്‌രാജ്( കോളേജ് അദ്ധ്യാപിക). മകൻ: നെയ്തൽ.
എൻ.ഡി.എ സ്ഥാനാർത്ഥി അരുൺ കൈതപ്രം ധർമ്മടം മണ്ഡലത്തിലെ ചക്കരക്കൽ മുഴപ്പാല സ്വദേശിയാണ്. ബിടെക് ബിരുദം. എ.ബി.വി.പിയിൽ കൂടി പൊതുപ്രവർത്തന രംഗത്തേയ്ക്ക് വന്നു. യുവമോർച്ച ധർമ്മടം മണ്ഡലം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യുവമോർച്ച കണ്ണൂർ ജില്ലാ പ്രസിഡന്റാണ്. നെഹ്‌റു യുവകേന്ദ്ര നാഷണൽ വോളണ്ടിയർ, നാഷണൽ യുവക് കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഭാരതീയ വിചാരകേന്ദ്രം തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.എം. ചന്ദ്രൻ ശൈലജ ദമ്പതികളുടെ മകനാണ്. 27 വയസുള്ള അരുൺ അവിവാഹിതനാണ്.