vallam

പഴയങ്ങാടി: വറുതിയുടെ കാലമാണ് ഇപ്പോൾ കടലിന്റെ മക്കൾക്ക്. മത്സ്യങ്ങളുടെ ലഭ്യത കുറവ് മത്സ്യതൊഴിലാളികളെ പട്ടിണിയിലാഴ്ത്തുകയാണ്. മത്സ്യം ലഭിക്കാതായതോടെ മാട്ടൂൽ, പുതിയങ്ങാടി തീരദേശങ്ങളിലെ പരമ്പരാഗത മത്സ്യതൊഴിലാളികൾ വള്ളങ്ങൾ കരയ്ക്ക് കയറ്റി ഇട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയിട്ട് മാസങ്ങളായി. ചില വള്ളങ്ങൾ കടലിൽ പോകുന്നുണ്ടെങ്കിലും മത്സ്യം ഒന്നും ലഭിക്കാറില്ല. ഒരു വള്ളം കടലിൽ പോയി വരണമെങ്കിൽ ചുരുങ്ങിയത് 25000 മുതൽ 40000 രൂപയെങ്കിലും ചെലവ് വരും. ഇത് മൂലം മത്സ്യത്തൊഴിലാളികൾ കടക്കെണിയിൽ പൊറുതിമുട്ടുകയാണ്.

മത്സ്യ ലഭ്യത ഇല്ലാതായതോടെ കയറ്റുമതിയും ഇല്ലാതായി. കടലിൽ ചൂട് കൂടിയതോടെ മത്സ്യങ്ങൾ കൂട്ടമായി തീരം വിടുകയാണ്. കേരള തീരത്ത് സുലഭമായി ലഭിച്ചിരുന്ന മത്തി, അയല, മാന്തൾ തുടങ്ങിയവ കിട്ടാക്കനിയായി. കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയമായ മത്സ്യബന്ധനവുമാണ് മത്സ്യം കുറയാൻ കാരണമെന്ന് മത്സ്യതൊഴിലാളികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. തമിഴ്‌നാട്, ഗോവ, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കിപ്പോൾ മത്സ്യം എത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളിൽ മിക്കതും ദിവസങ്ങൾ പഴക്കമുള്ളതും അപകടകാരികളായ രാസപദാർത്ഥങ്ങൾ ചേർത്തവയുമാണ്. തൊഴിൽ സംരക്ഷിക്കാനും കടലിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാനും ഇടപെടലുകൾ ഒന്നും തന്നെയില്ല.