മലയിൻകീഴ്: പഞ്ചായത്തിലെ പ്രധാന റോഡുകളിലെ പൊതു മാർക്കറ്റുകൾ അപകട ഭീഷണി ഉയർത്തുന്നതായി പരാതി. പേയാട്, പള്ളിമുക്ക്, തച്ചോട്ട്കാവ്, മലയിൻകീഴ്, മേപ്പൂക്കട തുടങ്ങിയ സ്ഥലങ്ങളിലെ റോഡിന് ഇരുവശവും മത്സ്യമുൾപ്പടെയുള്ളവ വില്പന നടത്താറുണ്ട്. ഇവ ഇതുവഴിയുള്ള യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നതായാണ് പരാതി. പതുവെ വാഹനങ്ങളുടെ തിരക്ക് ഇവിടെ കൂടുതലാണ്. ചിലസമയങ്ങളിൽ തിരക്ക് കൂടുമ്പോൾ വാഹനങ്ങൾ തമ്മിൽ ചെറിയതരത്തിലെങ്കിലും ഉരസാറുണ്ട്. ഈ സാഹചര്യത്തിൽ വ്യാപരം കൂടിയാകുമ്പോൾ അപകടങ്ങൾ വർദ്ധിക്കുന്നു.
അതേസമയം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ഇത്തരം വ്യാപാരങ്ങൾ കൊണ്ട് പഞ്ചായത്തുകൾക്ക് യാതോരുവിധ സാമ്പത്തിക നേട്ടവും കിട്ടുന്നില്ലെന്നതാണ് വാസ്തവം. ഒരുപൊതു മാർക്കറ്റ് ഉണ്ടെങ്കിൽ അവിടെ വ്യാപാരം നടത്തിയാൽ അതിൽ നിന്നും പഞ്ചായത്തിന് ആവശ്യമായ വരുമാനം ലഭിക്കും. എന്നാൽ അപകടങ്ങൾ നടക്കുമ്പോൾ പലപ്പോഴും പഞ്ചായത്തിനാണ് അതിന്റെ ദുഷ്പേര്കേൾക്കേണ്ടിവരുന്നത്.
തച്ചോട്ടുകാവ്-മങ്കാട്ടുകടവ് റോഡിലെ വാളിയോട്ടുകോണത്തും, പൊറ്റയിൽ ജംഗ്ഷനിലും ഇത്തരത്തിൽ കച്ചവടം നടക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന റോഡിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. നന്നേ വീതികുറഞ്ഞ് റോഡിൽ നടക്കുന്ന അനധികൃത കച്ചവടം ഒഴിവാക്കുന്നതിന് മാറി മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതിയ്ക്ക് കഴിയുന്നില്ലെന്നതും പരാതിക്ക് കാരണമാകുന്നു.
ഒപ്പം മാലിന്യവും
വഴിവക്കിലെ ഇത്തരം മാർക്കറ്റുകളിൽ വില്പനകഴിയുമ്പോൾ ബാക്കിവരുന്ന മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ അവിടെത്തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. ദുർഗന്ധവും മാലിന്യത്തിൽ പെരുകുന്ന ഈച്ചകളുടെ ശല്യവും കാരണം പൊറുതിമുട്ടി കഴിയുകയാണ് ഇവിടുത്തെ പരിസരവാസികൾ. ഈ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളും മറ്റും വാഹനങ്ങളുടെ മുന്നിലേക്ക് എടുത്തുചാടുന്നതും പതിവാണ്.
ആവശ്യങ്ങൾ ഏറെ
മത്സ്യവും-പച്ചക്കറികളും വാങ്ങുന്നതിന് കൂട്ടത്തോടെ തിങ്ങിക്കുടുന്നവർ പൊതു റോഡാണെന്ന കാര്യം പലപ്പോഴും സാധനങ്ങൾ വാങ്ങാനെത്തുന്നവർ മറക്കുന്നത് അപകടത്തിന് കാരണ മാകാറുണ്ട്. പച്ചക്കറിയും മത്സ്യം വാങ്ങുന്നതിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാദിവസവും പ്രവർത്തിക്കുന്ന ഗ്രാമങ്ങളിലെ പൊതു മാർക്കറ്റുകൾ കാരണം എപ്പോഴും തിരക്കേറിയ റോഡിൽ നിരനിരയി അശ്രദ്ധമായി നിന്ന് സാധനങ്ങൾ വാങ്ങുന്നത് അപകടത്തിൽ പെടാൻ സാദ്ധ്യതയേറെയാണ്. സൗകര്യവും-സുരക്ഷയുമുള്ള പൊതുമാർക്കറ്റ് ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തനമാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.