
ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ ഇന്ത്യയിൽ മൂന്ന് മുതൽ നാല് കോടി വരെ റേഷൻ കാർഡുകൾ റദ്ദാക്കപ്പെട്ടത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ നാലാഴ്‌ചയ്ക്കകം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വിശദീകരണം കോടതി തേടിയിരിക്കുകയാണ്.
ആധാർ കേസിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നൽകിയ ഏറ്റവും വലിയ നിർദ്ദേശം ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും അവകാശങ്ങൾ നിഷേധിക്കരുത് എന്നതായിരുന്നു. അന്ന് കോടതിയിൽ തലകുലുക്കി കേന്ദ്ര സർക്കാർ ഇക്കാര്യം സമ്മതിച്ചതായിരുന്നു. എന്നാൽ ആധാർ ഒരു യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞപ്പോൾ ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ മനുഷ്യന്റെ പല അവകാശങ്ങളും നിഷേധിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്.
റേഷൻ ലഭിക്കാത്തതിന്റെ പേരിൽ യു.പി, ഒഡിഷ, ബീഹാർ, ഛത്തീസ്‌ഗഢ്, ബംഗാൾ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി പട്ടിണി മരണങ്ങൾ ഉണ്ടായതായി പൊതുതാത്‌പര്യ ഹർജി സമർപ്പിച്ച ജാർഖണ്ഡ് സ്വദേശി കൊയ്‌ലി ദേവി ചൂണ്ടിക്കാട്ടി. 2018-ൽ പട്ടിണി മൂലം മരിച്ച സന്തോഷി കുമാരി എന്ന പതിനൊന്നുകാരിയുടെ അമ്മയാണ് ഹർജിക്കാരി. എന്നാൽ റദ്ദാക്കപ്പെട്ടതെല്ലാം വ്യാജകാർഡുകളാണെന്ന ഒഴുക്കൻ മറുപടിയാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞത്. ആദിവാസി മേഖലയിലുള്ള ഒട്ടേറെപ്പേരുടെ കാർഡുകൾ ഇങ്ങനെ റദ്ദാക്കപ്പെട്ടതിൽ ഉൾപ്പെട്ടിട്ടുണ്ട്. വൈവിദ്ധ്യങ്ങളുടെ നാടാണ് ഇന്ത്യ. പല ആദിവാസി മേഖലകളിലും ഇനിയും ആധാർ കാർഡ് എടുക്കാത്ത ആയിരങ്ങളുണ്ട്. ഇനി അഥവാ ആധാർ കാർഡ് എടുത്തിട്ടുള്ളവർക്ക് റേഷൻ കാർഡുമായി അതിനെ ബന്ധിപ്പിക്കാൻ ഇന്റർനെറ്റ് സൗകര്യവും ലഭ്യമല്ല.
അന്നം അവകാശമാണെന്ന് പ്രഖ്യാപിക്കുകയും ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ ആ അവകാശം നിഷേധിക്കുകയും ചെയ്യുന്നത് നീതിയല്ല. അവധാനതയോടെ വേണം ഇത്തരം കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കാൻ. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിക്ക് മുന്നോടിയായാണ് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത്. കേരളത്തിൽ 99 ശതമാനം റേഷൻ കാർഡും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഇവിടെ അത് വലിയ ഒരു പ്രശ്നമായി മാറുന്നില്ല. പക്ഷേ ഇന്ത്യയൊട്ടാകെ അതല്ല സ്ഥിതി. ഇന്ത്യയിൽ മൊത്തം 23.58 കോടി റേഷൻ കാർഡുകളാണ് ഉള്ളത്. ഇതിൽ 89 ശതമാനം മാത്രമേ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര വിജ്ഞാപനമെങ്കിലും മൊബൈൽ നമ്പരുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിച്ചാലും ഉദ്യോഗസ്ഥർ സ്വീകരിക്കും. ഇന്ത്യയുടെ ഒറ്റപ്പെട്ട മേഖലയിൽ താമസിക്കുന്നവർക്ക് ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിൽ സർക്കാർ തന്നെ ഒരുക്കണം. അല്ലാതെ ആധാർ ബന്ധിപ്പിച്ചില്ല എന്ന സാങ്കേതിക ന്യായം പറഞ്ഞ് അന്നത്തിനുള്ള അവകാശം നിഷേധിക്കുന്നത് അനീതിയാണ്.