
മൂലൂരിന്റെ വാക്കുകളും രചനകളും സമൂഹത്തിലെ ചവിട്ടിത്താഴ്‌ത്തപ്പെട്ടവർക്കു വേണ്ടിയായിരുന്നു. ഒരേസമയം സരസകവിയും സമരകവിയുമായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥയ്ക്കെതിരെ ശ്രീനാരായണഗുരു, ഡോക്ടർ പല്പു, കുമാരനാശാൻ എന്നിവരോടൊപ്പം ഇത്ര വീറോടെ പൊരുതിയ മറ്റൊരാൾ മലയാളക്കരയിലില്ല. അക്കാലത്ത് കേരളത്തിൽ ലക്ഷ്യവേധിയായ വാക്‌ശരങ്ങൾ തൊടുത്തുവിടാൻ പ്രാഗത്ഭ്യമുള്ളവരിൽ പ്രമുഖർ രണ്ടുപേരായിരുന്നു. പദ്യത്തിൽ മൂലൂരും ഗദ്യത്തിൽ സി.വി. കുഞ്ഞുരാമനും. കേരളകൗമുദിയുടെ പ്രഥമ പത്രാധിപരായിരുന്നു മൂലൂർ എന്നത് സുവിദിതമാണല്ലോ. ജാതിവ്യവസ്ഥയുടെ അസമത്വങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരമാണ് മൂലൂർ നയിച്ചത്.
1914 നും 1929-നുമിടയിൽ പതിന്നാലു വർഷം അദ്ദേഹം സർക്കാരിന്റെ പ്രജാസഭയിൽ അംഗമായിരുന്നു. ഈ സ്ഥാനത്തിരുന്ന് അദ്ദേഹത്തിന്റെ സേവനങ്ങൾ കീഴാളവർഗത്തിന്റെ സമുദ്ധാരണത്തിനു വേണ്ടിയായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ അദ്ദേഹം സമുദായപരിഷ്കരണ പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. യോഗം സ്ഥാപിതമായതോടെ അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ സന്ദേശവാഹകരിൽ പ്രധാനിയായി. വിദ്യാലയങ്ങൾ തുടങ്ങുന്നതിന് കാരണഭൂതനായി. മെഴുവേലിയിലെ ആനന്ദഭൂതേശ്വരം ക്ഷേത്രവും പദ്മനാഭോദയം ഇംഗ്ളീഷ് സ്കൂളും അവയിൽ പ്രമുഖമായവയാണ്. ദീർഘകാലം യോഗം ഡയറക്‌ടറായും ഉപാദ്ധ്യക്ഷനായും സമുദായ സേവന പ്രവർത്തനങ്ങളിൽ മുഴുകി. സമുദായത്തിന്റെ അഭ്യുന്നതിക്കായി അനുഷ്ഠിച്ച സേവനങ്ങളെ പുരസ്കരിച്ച് യോഗം കീർത്തിമുദ്രയും സ്വർണമോതിരവും നൽകി ആദരിച്ചു.
അധഃകൃത സമുദായങ്ങളുടെ സമുദ്ധാരണം അദ്ദേഹത്തിന് ജീവിതവ്രതമായിരുന്നു. അധഃകൃത സമുദായങ്ങളിൽ നിന്ന് നിരവധി പേരെ കൈകൊടുത്തുയർത്തി സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
മൂലൂർ നടന്നതും നയിച്ചതുമായ വഴികൾ നമ്മിൽ പലരും മറന്നുപോയിരിക്കുന്നു. നമ്മളെ നയിക്കുന്നവർ പിന്നോട്ടു നടക്കുകയാണിന്ന്. കാലം വൈകിയതും ആചാരനൂലുകൾ പഴകിയതും അവർ അറിയുന്നില്ല. ഭരണവർഗങ്ങൾ ഇന്നും കീഴാളരെ താഴ്‌ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മൂലൂരിന്റെ വഴികളിൽ നടന്നുകൊണ്ട് കേരളകൗമുദി ഉയർത്തുന്ന ഓർമ്മപ്പെടുത്തലുകൾക്കായി കേരളത്തിലെ അദ്ധ്വാനിക്കുന്ന ജനസമൂഹം ഇന്നും കാത്തിരിക്കുന്നു.
നിസഹായർക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു കടന്നുപോയ മൂലൂർ പദ്മനാഭപ്പണിക്കർക്ക് അദ്ദേഹത്തിന്റെ നാട്ടിൽ ഉചിതമായ സ്മാരകം ഉണ്ടാകുന്നത് അന്തരിച്ച് 56 വർഷങ്ങൾക്കു ശേഷമാണ്. 1988ൽ തിരുവനന്തപുരത്തു നടന്ന മൂലൂർ ജീവചരിത്ര പ്രകാശന ചടങ്ങിലാണ് അന്നത്തെ സാംസ്കാരിക മന്ത്രി ടി.കെ. രാമകൃഷ്ണൻ സ്‌മാരകം പ്രഖ്യാപിച്ചത് . അതിനായി കുടുംബാംഗങ്ങളുടെ സമ്മതത്തോടുകൂടി വീടും പറമ്പും വിട്ടുകൊടുക്കാൻ സന്നദ്ധത കാട്ടി ഗവൺമെന്റിലേക്ക് ഈ ലേഖകൻ- മൂലൂരിന്റെ ചെറുമകൻ എന്ന നിലയിൽ കത്തു നൽകി. മൂലൂർ സ്മാരകത്തിന്റെ വളർച്ചയിൽ 27 വർഷം ഭരണസമിതിയിൽ ഉത്തരവാദിത്വമുള്ള സ്ഥാനത്തുനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യം തന്നെ.
മൂലൂരിന്റെ 149-ാം ജയന്തിദിനത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് മൂലൂർ ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചു. അദ്ദേഹത്തിന്റെ പൂർണകായ ചിത്രം നിയമസഭാ മ്യൂസിയത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞു. ഒരു വർഷത്തോളമായി മൂലൂരിന്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. അത് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് മനസിലാകുന്നത്.
തലസ്ഥാന നഗരിയിൽ അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഉണ്ടായിട്ടില്ല. കേരളത്തിൽ ഇനി അധികാരമേൽക്കുന്ന സർക്കാർ മൂലൂരിന്റെ നാമധേയത്തിൽ, മൂലൂർ കാട്ടിയ പാഠങ്ങൾ സമൂഹത്തിനു പകർന്നു നൽകാൻ തലസ്ഥാന നഗരത്തിൽ ഒരു മഹാസ്ഥാപനത്തിന് രൂപം കൊടുക്കണം. അദ്ദേഹത്തിന്റെ പേരിൽ ഒരു ദ്രാവിഡ സർവകലാശാലയുണ്ടാകുന്നത് ഉചിതമായിരിക്കും.
(ലേഖകൻ മൂലൂർ ഫൗണ്ടേഷൻ സെക്രട്ടറിയാണ്)