higway-

അഞ്ചുവർഷം മുൻപ് സംസ്ഥാനത്തെ പതിന്നാലിൽ പതിമൂന്നു ജില്ലകളെയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേയ്ക്കു തുടക്കമിടുമ്പോൾ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. അടിസ്ഥാന വികസന പദ്ധതികളുടെ കാര്യത്തിൽ സ്വതേ കാണാറുള്ള ഇഴച്ചിലും പ്രതിബന്ധങ്ങളും മലയോര ഹൈവേയെ ബാധിക്കില്ലെന്നു പ്രഖ്യാപനമുണ്ടായി. എന്നാൽ പല വമ്പൻ പദ്ധതികളെയും ബാധിക്കാറുള്ള തടസങ്ങൾ ഇതിനുമുണ്ടായെന്നാണ് ഇപ്പോൾ കേൾക്കുന്നത്. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശാല വരെ 1251 കിലോമീറ്റർ നീളുന്ന മലയോര ഹൈവേ മലയോര മേഖലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്നതാണ്. 3500 കോടി രൂപ നിർമ്മാണച്ചെലവ് കണക്കാക്കിയ പാതയുടെ കഷ്ടിച്ച് 130 കിലോമീറ്ററാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്. അങ്ങിങ്ങ് പണി നടക്കുന്നില്ലെന്നല്ല. എന്നാൽ വനഭൂമിയിലൂടെ കടന്നുപോകേണ്ട ഇടങ്ങളിൽ പദ്ധതി സ്തംഭിച്ചുനിൽക്കുകയാണ്. വനഭൂമി വിട്ടുകിട്ടുന്നതിൽ നേരിടുന്ന തടസങ്ങളാണു കാരണം. എല്ലാംകൂടി 108 ഹെക്ടർ വനഭൂമിയേ മലയോര ഹൈവേയ്ക്ക് ആവശ്യമായി വരുന്നുള്ളൂ. എന്നാൽ വനംവകുപ്പ് എതിരു നിൽക്കുന്നതിനാൽ അങ്ങുമിങ്ങും എത്താതെ മലയോരപാത അനാഥമായ നിലയിലാണിപ്പോൾ. വ്യക്തികളും പ്ളാന്റർമാരും കുത്തക കമ്പനികളും മറ്റുമായി പതിനായിരക്കണക്കിനു ഹെക്ടർ വനഭൂമി സ്വന്തമാക്കി യഥേഷ്ടം അനുഭവിച്ചു വരുന്ന നാട്ടിലാണ് 108 ഹെക്ടർ വനഭൂമിക്കായി മരാമത്തു വകുപ്പ് കാലുപിടിക്കേണ്ടിവരുന്നത്. സംസ്ഥാനത്തിന്റെയും മലയോര മേഖലയുടെയും മുഴുവൻ ജനങ്ങളുടെയും ആവശ്യമായിട്ടും കാര്യങ്ങൾ മുന്നോട്ടുനീക്കാൻ കഴിയുന്നില്ല. നിയമങ്ങൾ മനുഷ്യർക്കുവേണ്ടി നിർമ്മിക്കപ്പെടുന്നവയാണെന്നു പൊതുവേ പറയാറുണ്ട്. വനസംരക്ഷണ നിയമവും ഇതേ ഉദ്ദേശ്യത്തോടുകൂടിത്തന്നെ ഉണ്ടാക്കിയിട്ടുള്ളതാണ്. അത്യാവശ്യ കാര്യങ്ങൾക്ക് ഇളവുകളൊക്കെ ആകാവുന്നതാണ്. പാത നിർമ്മാണത്തിനായി കുറച്ചു വനഭൂമി ഏറ്റെടുക്കുന്നതുകൊണ്ട് ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല. സംസ്ഥാനം രൂപം കൊള്ളുന്ന കാലത്തെ വനവിസ്തൃതിയും ഇപ്പോഴത്തെ വിസ്തൃതിയും പരിശോധിച്ചാലറിയാം എത്ര ലക്ഷം ഹെക്ടർ വനം പലരുടെയും കൈയിലായതിന്റെ നേർചിത്രം. പാത നിർമ്മാണം നാടിന്റെയും ജനങ്ങളുടെയും പൊതു ആവശ്യം മുൻനിറുത്തിയുള്ളതാകുമ്പോൾ ഇപ്പോൾ കാണുന്നതു പോലുള്ള കടുംപിടിത്തത്തിന്റെ ആവശ്യമൊന്നുമില്ല. ബോദ്ധ്യപ്പെടുത്തേണ്ടവരെ വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും തക്കവണ്ണം ധരിപ്പിച്ചാൽ മതിയാകും. എന്തുകൊണ്ട് സർക്കാരിന് അതിനു കഴിയുന്നില്ല? ഭരണകർത്താക്കളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടായി മനസുവച്ചാൽ നടക്കാത്ത കാര്യമാണോ അത്? കൂടിയ അളവിൽ വനഭൂമി ഏറ്റെടുക്കാൻ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതി വേണം. മലയോര ഹൈവേ പദ്ധതി ആവിഷ്കരിക്കുന്ന ഘട്ടത്തിൽത്തന്നെ അറിയാവുന്ന കാര്യമാണിത്. അനിവാര്യമായ സന്ദർഭങ്ങളിൽ ഇതുപോലുള്ള പദ്ധതികൾക്ക് കേന്ദ്രാനുമതി നിബന്ധനകൾക്കു വിധേയമായി ലഭിക്കാറുമുണ്ട്. മലയോര ഹൈവേയുടെ കാര്യത്തിലും അതു നേടാവുന്നതേയുള്ളൂ. നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നു മാത്രം. വനംവകുപ്പിനു പുറമേ ചില പ്രദേശങ്ങളിൽ സ്വകാര്യ ഭൂവുടമകളിൽ നിന്നും എതിർപ്പുയരുന്നുണ്ട്. അവരെ വിശ്വാസത്തിലെടുത്തുകൊണ്ട് ഭൂമി ഏറ്റെടുക്കാനുള്ള വഴി നോക്കണം. വലിയ പ്രതീക്ഷകളോടെ തുടങ്ങിവച്ച മലയോരപാത നിർമ്മാണം കഴിവതും വേഗം പൂർത്തിയാക്കാനുള്ള മാർഗമാണ് സർക്കാർ ആരായേണ്ടത്. ഹൈവേ പൂർത്തിയാകുന്നതോടെ അപാര വികസന സാദ്ധ്യതകളാണ് ഉയരാൻ പോകുന്നത്. ടൂറിസം മേഖലയിൽ വലിയൊരു കുതിച്ചുചാട്ടം തന്നെ പ്രതീക്ഷിക്കാം. ഇതോടൊപ്പം തീരദേശ പാത കൂടി പൂർത്തിയാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ തലവര തന്നെ മാറ്റിയെഴുതാനാകും.