betal-leaves

വർഷങ്ങളായി ഉപയോഗിച്ചു വരുന്ന ഇലകളിൽ ഏറ്റവും പരിചിതമായതാണ് വെറ്റില. എന്നാൽ, മുറുക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന വെറുമൊരു ഇലയല്ലിത്. അറിയുന്തോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണിത്. ഔഷധഗുണമുള്ള വെറ്റില പക്ഷേ,​ പല രീതിയിലുള്ള തെറ്റായ ഉപയോഗത്തിലൂടെ മാറാരോഗത്തെപ്പോലും ഉണ്ടാക്കും. മാരകരോഗത്തെക്കുറിച്ചുള്ള ഈ അറിവ് ഗുണകരമായ ഉപയോഗത്തെ തടയുന്നുവെന്ന് മാത്രമല്ല, ഭയം ഉണ്ടാക്കുകയും ചെയ്യും. ഭയത്തെ അകറ്റി പ്രയോജനകരമാകണമെങ്കിൽ അതിന്റെ ഗുണങ്ങളെക്കുറിച്ചുള്ള യഥാർത്ഥ അറിവ് ഉണ്ടാകേണ്ടതുണ്ട്.

എല്ലാ മംഗളകാര്യങ്ങൾക്കും ഉപയോഗിച്ചുവരുന്നു വെറ്റില നല്ലൊരു വേദനാസംഹാരികൂടിയാണ്. വെറ്റില അരച്ച് വേദനയുള്ള ഭാഗത്ത് പുരട്ടിവയ്ക്കുന്നത് വേദന ശമിപ്പിക്കും. മുക്കാൽ മണിക്കൂർ കഴിഞ്ഞ് ഇത് തുടച്ച് തൈലം പുരട്ടാവുന്നതാണ്.

മുറിവിൽ വെറ്റില വച്ച് 2 മുതൽ 3 ദിവസം വരെ ബാൻഡേജ് ചെയ്താൽ മുറിവ് വേഗം ഉണങ്ങും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വച്ചിരുന്ന് അടുത്ത രാവിലെ വെറും വയറ്റിൽ കുടിച്ചാൽ മലശോധന ലഭിക്കും.മലബന്ധമുള്ളവർക്ക് ഇത് ആശ്വാസം നൽകും.

വെറ്റിലയുടെ തണ്ട് ആവണക്കെണ്ണയിൽ മുക്കി കുഞ്ഞുങ്ങളുടെ മലദ്വാരത്തിൽ വച്ചാൽ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം. മലം പോകുമ്പോഴുള്ള വേദനയും കുറയും.

വെറ്റിലയും കുറച്ചു കുരുമുളകും ചേർത്ത് തിളപ്പിച്ച വെള്ളം രണ്ട് സ്പൂൺ കഴിച്ചാൽ ദഹനക്കേടിന് ആശ്വാസം ലഭിക്കും.

ദഹനമുണ്ടാകുന്നതിന് ഒരു തളിർവെറ്റില മാത്രമായും ചവച്ചു കഴിക്കാവുന്നതാണ്.

വെറ്റിലയിൽ കടുകെണ്ണ തേച്ച് ചൂടാക്കി നെഞ്ചിന് പുറമേ വയ്ക്കുന്നത് കഫം തുപ്പിപോകുന്നതിനും അതുവഴി ശ്വാസംമുട്ടൽ ശമിക്കുന്നതിനും ഉത്തമമാണ്.

വെറ്റിലയും ഏലക്കായും ഇട്ട് തിളപ്പിച്ചവെള്ളം ദിവസം മൂന്നുനേരം രണ്ട് സ്പൂൺ വീതം കുടിക്കുന്നത് ചുമ കുറയ്ക്കാൻ സഹായിക്കും.

വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുന്നത് പേശിവേദനയ്ക്കും ഉളുക്കിനും നീർക്കെട്ടിനും നല്ലതാണ്. അത് കൊണ്ടു തന്നെ,​ കേരളീയർക്ക് ഏറെ പരിചയമുള്ള മുറിവെണ്ണയിൽ വെറ്റില ഒരു പ്രധാന ചേരുവയാണ്.

വെറ്റില നീര്‌ പാലിൽ ചേർത്ത്‌ കഴിക്കുന്നത്‌ മൂത്രതടസ്സം മാറുന്നതിനും മൂത്രസംബന്ധമായ മറ്റ് അസുഖങ്ങൾ മാറുന്നതിനും സഹായിക്കും.

വെറ്റിയുടെ ഔഷധഗുണത്തെക്കുറിച്ചുള്ള സംശയം തീരുമ്പോൾ

പാക്കും ചുണ്ണാമ്പും പുകയിലയും കൂട്ടി വെറ്റില മുറുക്കുമ്പോൾ അത് വിപരീതഫലമുണ്ടാക്കും. വെറ്റിലമുറുക്ക് ദോഷമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭാരതീയർക്ക് പണ്ടേ പരിചിതമായ താംബൂലമല്ല ഇന്ന് കാണുന്ന പുകയില ചേർത്ത വെറ്റിലമുറുക്ക് എന്ന കാര്യം മറക്കരുത്.