
തിരുവനന്തപുരം: ചൂട് കൂടുന്നതിനാൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വെയിൽ കൊള്ളരുതെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യപ്രകാശം ഏൽക്കുമ്പോൾ ആഘാതം വലുതായിരിക്കും. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
ശരീരം ചൂടാകാതിരിക്കാൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകണം. പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗമുള്ളവർ, കഠിന ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണം.
ക്ഷീണവും
തളർച്ചയും
അമിതമായ ചൂട് കാരണം സൂര്യാഘാതവും സൂര്യാതപവും ഉണ്ടായേക്കാം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ശരീരത്തിലെ ലവണാംശം കുറയുന്നതുമൂലം ക്ഷീണവും തളർച്ചയും ബോധക്ഷയവുമുണ്ടാകാം.
തിളപ്പിച്ചാറ്റിയ
വെള്ളം കുടിക്കുക
കൃത്രിമ പാനീയങ്ങൾ ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ വെള്ളമാണ് ഉത്തമം. പാതയോരങ്ങളിൽ നിന്നുള്ള ഐസിട്ട വെള്ളം കുടിക്കുന്നത് പലതരത്തിൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. രോഗികൾ ഒരു കാരണവശാലും കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ ഒഴിവാക്കരുത്. കട്ടി കുറഞ്ഞ, വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വീട്ടിൽ ഫാൻ ഉപയോഗിക്കുകയാണെങ്കിലും കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടണം. രാത്രി കിടക്കും മുമ്പ് കുളിക്കുന്നതും മതിയായ വെള്ളം കുടിക്കുന്നതും നല്ലതാണ്. രാത്രിയിൽ അമിത ഭക്ഷണം ഒഴിവാക്കണം.