1

തിരുവനന്തപുരം: 'ആരെങ്കിലും വോട്ട് ചോദിക്കാൻ ഇങ്ങോട്ട് വരട്ടെ, എനിക്കുമുണ്ട് പറയാൻ കുറച്ച് കാര്യങ്ങൾ...' തലയ്ക്ക് മുകളിൽ തിളച്ചുപൊന്തുന്ന വെയിലിനെയും കടലെടുത്ത വീടിന്റെ ശേഷിപ്പായ അടിത്തറയേയും സാക്ഷിയാക്കി വലിയതുറ സ്വദേശി ഫിലോമിന രോഷം കൊള്ളുകയാണ്. ഇത്തവണ ആർക്കും വോട്ട് ചെയ്യുന്നില്ലെന്നാണ് വീട് നഷ്ടപ്പെട്ട് മൂന്ന് വർഷമായി വലിയതുറ സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന ഫിലോമിനയുടെ തീരുമാനം. കഴിഞ്ഞ മാസമായിരുന്നു മകളുടെ കല്യാണം. ദുരിതാശ്വാസ ക്യാമ്പിൽ കല്യാണം നടത്താൻ പറ്റില്ലല്ലോ, ബന്ധുക്കളുടെ വീട്ടിൽ വച്ചാണ് കല്യാണം നടത്തിയത്. ഈ ഗതികേട് ആദ്യം മാറ്റിത്തരട്ടെ, പിന്നെ വോട്ടിനെപ്പറ്റി ചിന്തിക്കാം' ഒരു ഫിലോമിനയുടെ മാത്രം അഭിപ്രായമല്ലിത്, തീരദേശത്ത് വലിയതുറയിലെ പലർക്കും പറയാനുണ്ട് ഇതുപോലുള്ള നിരവധി പരാതികളും പരിഭവങ്ങളും.

ഏതെങ്കിലും ഒരു പാർട്ടിയോടല്ല, എല്ലാ മുന്നണികളോടുമാണ് ഇവരുടെ പ്രതിഷേധം. ഇതുവരെ വോട്ട് ചോദിച്ച് ഇവർക്കരികിലേക്ക് സ്ഥാനാർത്ഥികളാരും എത്തിയതുമില്ല. മത്സ്യത്തൊഴിലാളികളുടെ വോട്ടാണ് വിജയം തീരുമാനിക്കുന്നതെന്ന് മറക്കരുത്-സമീപവാസിയായ ലൂർദ്ദ് ഓർമ്മിപ്പിക്കുന്നു.

ആദ്യമേ കല്ലിട്ടിരുന്നെങ്കിൽ ഇത്രയും വീടുകൾ കടലെടുക്കില്ലായിരുന്നു. ഒരു കിറ്റ് നൽകിയാൽ എല്ലാമാകില്ലെന്നാണ് ലൂർദ്ദിന്റെ അമ്മ താർഷിലി പറഞ്ഞത്. രാത്രിയായാൽ തിരയുടെ ശക്തികൊണ്ട് വീട് കുലുങ്ങാറുണ്ടെന്ന് ഭയത്തോടെയാണ് താർഷിലിയുടെ മറ്റൊരു മകളായ രാജി പറഞ്ഞത്. മിക്ക ദിവസങ്ങളിലും വീട്ടിൽ വെള്ളം കയറും.

കടലിനോട് ചേർന്ന് എന്തിനാണ് വീട് നിർമ്മിച്ചതെന്ന് വിമർശിക്കുന്നവരോട് പഴയ തീരത്തിന്റെ കഥയാണ് പറയാനുള്ളത്. ഇവിടെത്തന്നെ ജനിച്ച് വളർന്നവരാണ് തങ്ങൾ, അന്ന് വിശാലമായ തീരത്ത് കളിച്ച ഓർമ്മയുണ്ട്. ഇപ്പോഴാണ് തീരം ഇത്രയും ചുരുങ്ങിയത്. സമ്പാദ്യം മുഴുവൻ മുടക്കി നിർമ്മിച്ച വീട് ഉപേക്ഷിച്ച് പോകാനാവുന്നില്ലെന്നും ലൂർദ്ദ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴല്ല തീരദേശത്തെ പ്രശ്നങ്ങൾ കാണേണ്ടതെന്ന് പൂന്തുറയിലെ ബനഡിക്ടും പറയുന്നു.

 വോട്ട് ആർക്കാണെന്നത് സസ്പെൻസ്

ശംഖുംമുഖത്ത് മീൻ വില്പന നടത്തുന്ന ബ്രിജിറ്റ് എന്തായാലും വോട്ട് ചെയ്യുമെന്ന അഭിപ്രായക്കാരിയാണ്. ആർക്കെന്നത് സസ്പെൻസാണെന്നും നിറഞ്ഞ ചിരിയോടെ ബ്രിജിറ്റ് പറഞ്ഞു. വിജയിക്കുന്നത് ആരായാലും തകർന്നുകിടക്കുന്ന ശംഖുംമുഖം റോഡ് പുത്തനാക്കണമെന്നും വീടില്ലാത്തവർക്ക് വീട് നൽകണമെന്നുമാണ് ബ്രിജിറ്റിന് പറയാനുള്ളത്. രാഷ്രീയക്കാരുടെ അവഗണനയോട് എതിർപ്പുണ്ട് ബ്രിജിറ്റിനും. പണ്ട് വി.എസ്. ശിവകുമാറിനൊപ്പം താൻ ഫോട്ടോയെടുത്തിട്ടുണ്ടെന്നും അഭിമാനത്തോടെ ബ്രിജിറ്റ് പറയുന്നു.