f

തിരുവനന്തപുരം:ഇനി പതിനെട്ട് ദിനങ്ങൾ.നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാസമർപ്പണം ഇന്ന് അവസാനിക്കുന്നതോടെ ജില്ലയിൽ തിരഞ്ഞെടുപ്പ് രംഗത്തിന് ചൂടേറും. മണ്ഡലം,പഞ്ചായത്ത്- മേഖലാതല കൺവെൻഷനുകൾക്ക് പിന്നാലെ ബൂത്ത് യോഗങ്ങൾ നടത്തി താഴെത്തട്ടിൽ പ്രവർത്തനം കടുപ്പിച്ച് ജയസാദ്ധ്യത നിർണയിക്കുന്നത് ഇനിയുള്ള നാളുകളിലാണ്. ഇനി കൂട്ടലും കിഴിക്കലും നടത്തി കൈവിട്ടുപോകുന്ന വോട്ടുകളുടെ കണക്കെടുത്തും പുതിയ വോട്ടുകൾ വരുതിയിലാക്കാൻ തന്ത്രങ്ങൾ മെനഞ്ഞും പ്രാദേശിക ഘടകങ്ങൾ അശ്രാന്ത പരിശ്രമം നടത്തുന്ന രാപ്പകലുകൾ.

മുന്നണിയുടെയും സ്ഥാനാർത്ഥിയുടെയും അഭ്യർത്ഥന നോട്ടീസ് വിതരണത്തിന് തയ്യാറാകുന്നതോടെയാണ് സ്ക്വാഡ് പ്രവർത്തനത്തിന് തുടക്കമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിലുള്ളതിനെക്കാൾ കൂടുതൽ മേഖല ഉൾപ്പെടുന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബൂത്തുകൾ. ബൂത്ത് കൺവെൻഷനുകളിൽ കുറഞ്ഞത് നാലും അഞ്ചും സ്‌ക്വാഡുകൾ രൂപീകരിച്ചാണ് മുന്നണികൾ പ്രവർത്തനത്തിനിറങ്ങുന്നത്. സ്ഥാനാർത്ഥികളുടെ റോഡ് ഷോയും കവലകളിലെ സന്ദർശനവും കഴിയുന്ന മുറയ്‌ക്ക്‌ സ്വീകരണ പരിപാടികൾ ആരംഭിക്കും.

ആദ്യ റൗണ്ടിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നിലെത്തിയ എൽ.ഡി.എഫ് ഇപ്പോൾ ബൂത്ത് കൺവെൻഷനുകൾ പൂർത്തീകരിച്ച് സ്‌ക്വാഡ് പ്രവർത്തനം തുടങ്ങി. സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മുന്നണിയുടെ അഭ്യർത്ഥന നോട്ടീസാണ് ആദ്യമായി പ്രവർത്തകർ വിതരണം ചെയ്യുന്നത്. മറ്റു രണ്ടു മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ കാലതാമസം പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ മണ്ഡലം,മേഖലാ,ബൂത്ത് കൺവെൻഷനുകൾ നടത്തി ഒപ്പത്തിനൊപ്പമെത്താനുള്ള പരിശ്രമത്തിലാണ്.

ഇനിയുള്ള ഓരോ ദിവസവും പുതിയ നോട്ടീസുകൾ വിതരണത്തിന് തയ്യാറാക്കിയാണ് മുന്നണികൾ അണികളെ പ്രവർത്തനത്തിന് സജ്ജമാക്കുന്നത്.വോട്ടർമാരുടെ പ്രതികരണം നോക്കി ആർക്ക് വോട്ട് കിട്ടുമെന്ന് വിലയിരുത്താൻ ഇപ്പോൾ കഴിയില്ലെന്നാണ് ഒരു മുന്നണിയുടെ പ്രമുഖ നേതാവ് പറഞ്ഞത്. പണ്ടാണെങ്കിൽ വോട്ട് കിട്ടുമെങ്കിൽ സ്‌ക്വാഡിന് ചെല്ലുമ്പോൾ തന്നെ അവരുടെ പ്രതികരണവും പെരുമാറ്റവും കണ്ട് വിലയിരുത്താം. എന്നാലിപ്പോൾ അതല്ല സ്ഥിതി,വോട്ട് ചോദിച്ച് ആരുവന്നാലും വോട്ടറുടെ മുഖത്ത് ചിരിമാത്രം...

സ്ഥാനാർത്ഥികളും സ്‌ക്വാഡ് പ്രവർത്തകരും അറിയാൻ

 ഭവന സന്ദർശനത്തിന് രണ്ട് പേർ
 വോട്ടർമാരുമായി സംസാരിക്കുമ്പോൾ രണ്ടു മീറ്റർ അകലം
 മാസ്ക് ശരിയായ വിധത്തിൽ ധരിക്കുക
 സാനിറ്റൈസർ കൈയിൽ കരുതുക
 ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കുക
 വീടിനകത്ത് കയറാതിരിക്കുക.
 ഷേക്ക്ഹാൻഡും കെട്ടിപ്പിടിത്തവും വേണ്ട