
ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ദേവസ്വം ക്യാമ്പിനോടു ചേർന്നുള്ള ആനന്ദ മന്ദിരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലം ഓഫീസ്. രാവിലെ ഏഴര. ചന്ദനക്കുറി തൊട്ട് കൈയിൽ ഇലപ്പൊതിയുമായി ഒരാൾ. ചെന്നിത്തല തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴെല്ലാം കോട്ടയം കിടങ്ങൂർ ക്ഷേത്രത്തിൽ വഴിപാടു നടത്തി പ്രസാദവുമായി എത്തുന്ന സഞ്ജീവാണ്.
സ്ഥാനാർത്ഥി പുറത്തേക്കു വന്നിട്ടില്ല. മണ്ഡലത്തിലെ ചുമതലക്കാരിൽ ഒരാളും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോൺ തോമസ് എത്തി. ഓഫീസ് മുറികളിൽ സന്ദർശകർ നിറയുകയാണ്. ആവലാതിക്കാരും ആശംസ നേരുന്നവരും അനുയായികളും. പാർട്ടി പടലപ്പിണക്കത്തിന് മദ്ധ്യസ്ഥത തേടി വന്നവരുമുണ്ട്. ഒറ്റ ഫോൺ കോളിന്റെ ഗുളിക പ്രയോഗത്തിൽ അവർക്ക് ഉടനടി ആശ്വാസം.
സഞ്ജീവിന്റെ പ്രസാദം ഭക്തിപൂർവം സ്വീകരിച്ച ചെന്നിത്തല സന്ദർശകരോട് കുശലം പറഞ്ഞു. ദേശീയ മതേതര മുന്നണി പ്രവർത്തകർക്കു നേരെയും സൗഹാർദ്ദത്തിന്റെ 'കൈപ്പത്തി.'പിന്നെ ഔദ്യോഗിക വാഹനമല്ലാത്ത 'ഇന്നോവ' യിലേക്ക് ചുറുചുറുക്കോടെ. കാർ പുറപ്പെട്ടത് താമല്ലാക്കൽ വടക്ക് പിറാട്ട് കുടുംബ ക്ഷേത്രത്തിലേക്ക്. ഇടവഴി തിരിഞ്ഞപ്പോൾ അകമ്പടി വാഹനത്തിന് സ്റ്റോപ്പ് കാണിച്ച് സ്ഥാനാർത്ഥിയുടെ വാഹനം മാത്രം മുന്നോട്ട്.
ക്ഷേത്രത്തിനു മുന്നിൽ ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥന.ക്ഷേത്രവുമായി ബന്ധപ്പെട്ട കുടുംബത്തിലെ കാരണവത്തി ഗൗരിക്കുട്ടിയമ്മ നീട്ടിയ ചെങ്കരിക്ക് നുണയുമ്പോൾ, ചുണ്ടിൽ മധുരം തുളുമ്പുന്ന ചിരി. ക്ഷേത്ര ഭാരവാഹികളുടെ ചില്ലറ ആവശ്യങ്ങൾ പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് അംഗത്തെ ചുമതലപ്പെടുത്തി. അടുത്തു നിന്ന് ക്ഷേത്ര കാര്യങ്ങൾ വിശദീകരിച്ച ആളെ ചൂണ്ടി അനുയായി പറഞ്ഞു, 'സി.പി.ഐയിലായിരുന്നു, ഇപ്പോഴിങ്ങു പോന്നു.' കൂടി നിന്ന എല്ലാവർക്കുമൊപ്പം സെൽഫി. കൈ വീശി വീണ്ടും കാറിൽ കയറാൻ തുടങ്ങുമ്പോൾ ഉമ്മൻചാണ്ടിയുടെ വിളി. അല്പനേരത്തെ സംസാരം.
താമല്ലാക്കൽ വടക്ക്, കിഴക്ക് എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു മുന്നിലാണ് പിന്നെ വാഹനം നിന്നത്. തൊട്ടടുത്ത കടയിൽ നിന്ന് വലിയൊരു പഴക്കുല കരുതി, മന്ദിരത്തിൽ കാത്തിരുന്നവർക്ക് നൽകാൻ. പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അവാർഡ് ദാന ചടങ്ങ്. പെരുമാറ്റച്ചട്ടം കാരണം അവാർഡ് ദാനവും ആദരിക്കലും ചെയ്യാനാവില്ലെന്ന് സ്നേഹപൂർവം പറഞ്ഞൊഴിഞ്ഞു. വോട്ടു ചോദിക്കലില്ല, കുശലാന്വേഷണം മാത്രം. നാട്ടുകാർക്കും അതു മതിയെന്ന മട്ട്.
ലക്ഷ്‌മിത്തോപ്പ് ഭാഗത്ത് രണ്ട് മരണവീടുകളിൽ കയറി അനുശോചനമറിയിച്ചു. തങ്കപ്പൻ എന്നയാളുടെ വീട്ടിലെത്തിയപ്പോൾ, സഹോദരൻ നിറകണ്ണുകളോടെ പറഞ്ഞു, 'ചികിത്സാ സഹായമെല്ലാം പ്രതിപക്ഷ നേതാവ് തന്നിരുന്നു.' അവിടെ നിന്നിറങ്ങുമ്പോൾ വീണ്ടും ഫോൺ - കെ.സി.വേണുഗോപാലാണ്. ദേശീയപാതയിൽ കരുവാറ്റ എൻ.എസ്.എസ് സ്‌കൂൾ പരിസരത്ത് കുട്ടികളുടെ കൂട്ടം. കാറിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക്. നേതാവിനൊപ്പമുള്ള സെൽഫി, കുട്ടികൾക്ക് പാൽപ്പായസമായി.
പ്രധാന ജംഗ്ഷനുകളിലെല്ലാം ചെറിയൊരു ബ്രേക്ക്. തോളിൽ തട്ടിയും സുഖവിവരം ചോദിച്ചും ചെന്നിത്തല നീങ്ങുമ്പോൾ നാട്ടുകാർക്ക് വല്ലാത്തൊരു മമത. ഹരിപ്പാട് ഭവാനി മന്ദിറിൽ രാവിലെ 10.30 നാണ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. വനിതാ പ്രവർക്കരടക്കം വൻ ജനക്കൂട്ടം എത്രയോ മുമ്പെ ഹാളിലും പുറത്തും തിങ്ങിനിന്നു.12 മണിയോടെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ തുടങ്ങിയവർക്കൊപ്പം ഹാളിലേക്ക്. പ്രവർത്തകരുടെ ആവേശം ഉച്ചസ്ഥായിയിലായി.കണ്ണു കരളും മുത്തും ഓമനയുമൊക്കെ ചേർത്തുള്ള മുദ്രാവാക്യങ്ങളിൽ അവരുടെ സ്നേഹം തുളുമ്പി.